ഒരു താരത്തെ കണ്ട് താന്‍ അമ്പരന്ന് നോക്കി ഇരുന്നിട്ടുണ്ടെങ്കില്‍ അത് സില്‍ക്ക് സ്മിതയെ കണ്ടതോടെയാണെന്ന് നടി ഖുശ്ബു. സില്‍ക്ക് സ്മിതയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവമാണ് ഖുശ്ബു പങ്കുവെച്ചിരിക്കുന്നത്. ഇത്രയും ഇന്റലിജന്റായ സ്ത്രീയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും അവരെ ആദ്യമായി കണ്ടപ്പോള്‍ വാ അടക്കാതെ നോക്കി നിന്നിട്ടുണ്ടെന്നും ഖുശ്ബു പറയുന്നു.
എനിക്ക് ഇപ്പോഴും അവരോട് ആരാധനയാണ്. ഞാന്‍ ആദ്യമായി ഒരു സ്റ്റാറിനെ കണ്ട് അമ്പരന്ന് വാ പൊളിച്ചു നിന്നിട്ടുണ്ടെങ്കില്‍ അത് സില്‍ക്കിനെ കണ്ടപ്പോഴാണ്. അന്ന് ഞാന്‍ തമിഴില്‍ പുതിയ ആളാണ്. 1984ല്‍ ഞാനും അര്‍ജുനും ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. ആ ചിത്രം പക്ഷേ പൂര്‍ത്തിയായില്ല. ആ ചിത്രത്തില്‍ സില്‍ക്ക് സ്മിതയും വലിയൊരു റോള്‍ ചെയ്തിരുന്നു.
ഒരു ദിവസം സെറ്റില്‍ എല്ലാവരും മാഡം വരാന്‍ പോകുന്നു. മാഡം വരുന്നു എന്നെല്ലാം പറയുന്നത് കേട്ടു. സില്‍ക്ക് എത്തും മുന്‍പ് ആളുകള്‍ അവര്‍ക്കായി ചെയര്‍ കൊണ്ടുവെയ്ക്കുന്നു. അതില്‍ ടവ്വല്‍ വെയ്ക്കുന്നു. ഒരു യൂണിറ്റ് മുഴുവന്‍ അവരെ കാണാനായി നില്‍ക്കുന്നു. അങ്ങനെ ഞാന്‍ അമ്പരന്ന് നില്‍ക്കുമ്പോഴാണ് സില്‍ക്ക് കയറിവന്നത്. അവരെ കണ്ട് ഞാനും നോക്കിനിന്നിട്ടുണ്ട്. അവരുമായി 4-5 വര്‍ഷത്തെ വ്യത്യാസമെ എനിക്കുള്ളു. എന്നാല്‍ അവരെ പോലെ ഇന്റലിജന്റായ ഒരു സ്ത്രീയെ ഒരിക്കലും മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല. ഖുശ്ബു പറഞ്ഞു.