Lakshmi Menon Kidnapping Case: നടുറോഡിൽ കാര്‍ തടഞ്ഞ് അക്രമം, തട്ടിക്കൊണ്ടുപോകൽ; ദൃശ്യങ്ങൾ പുറത്ത്, ലക്ഷ്മി മേനോനെ അറസ്റ്റ് ചെയ്‌തേക്കും
നടിയും സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്.
കൊച്ചിയിൽ ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോനെ കുരുക്കിലാക്കി ദൃശ്യങ്ങൾ. താരമുള്‍പ്പടെയുള്ള സംഘം യുവാവിന്റെ വാഹനം തടയുകയും തര്‍ക്കിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ നടിയും സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്.
നടുറോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി തര്‍ക്കിക്കുകയും ആക്രമിക്കുകയും ചെയ്ത ശേഷമാണ് പരാതിക്കാരനെ വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ തട്ടിക്കൊണ്ടു പോകുന്നത്. ശനിയാഴ്ച രാത്രി നോര്‍ത്ത് പാലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. പുറത്ത് വന്ന വിഡിയോയില്‍ ലക്ഷ്മി മേനോനേയും വ്യക്തമായി കാണാം.
കേസില്‍ മൂന്നാം പ്രതിയാണ് ലക്ഷ്മി മേനോന്‍. നടിക്കായുള്ള തിരച്ചിലിലാണ് പൊലീസ്. നടി ഒളിവില്‍ പോയതായാണ് വിവരം. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെയാണ് പൊലീസ് പിടി കൂടിയിരിക്കുന്നത്. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കൊച്ചിയിലെ ബാനര്‍ജി റോഡിലെ ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലും തട്ടിക്കൊണ്ടു പോകലിലും കലാശിച്ചത്.
നടി ലക്ഷ്മി മേനോനും സുഹൃത്തുക്കളുമടങ്ങിയ സംഘം മറ്റൊരു സംഘവുമായി വാക്കു തര്‍ക്കമുണ്ടായി. ഇതിനിടെ പരാതിക്കാരനും സുഹൃത്തുക്കളും കാറില്‍ ബാറില്‍ നിന്നും പുറത്തേക്ക് പോയി. ഈ കാറിനെ ലക്ഷ്മി മേനോനും സുഹൃത്തുക്കളും പിന്തുടര്‍ന്നു. നോര്‍ത്ത് പാലത്തിനടത്തു വച്ചു കാര്‍ തടഞ്ഞു നിര്‍ത്തി തര്‍ക്കിക്കുകയായിരുന്നു. പിന്നാലെ യുവാവിനെ കാറില്‍ നിന്നും വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ തട്ടികൊണ്ടു പോയി. കാറില്‍ വച്ചും യുവാവിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇയാളെ പറവൂര്‍ കവലയില്‍ ഇറക്കി വിട്ടുവെന്നാണ് പരാതി.