ആ ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ ഭാഗമല്ല; പ്രതികരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് പുതിയ സംഘടനയെന്ന ആശയത്തിലേക്ക് കടക്കുന്നതെന്നും ഇതിലൂടെ പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നുമാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ നേതൃത്വം അവകാശപ്പെടുന്നത്
പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനില്‍ താന്‍ അംഗമല്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സംവിധായകരായ ആഷിഖ് അബു, അഞ്ജലി മേനോന്‍, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ എന്നിവര്‍ക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് ഇങ്ങനെയൊരു കൂട്ടായ്മ രൂപീകരിച്ചതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ മാധ്യമ വാര്‍ത്തകളെ ലിജോ നിഷേധിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ലിജോയുടെ വിശദീകരണം.
' മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ നിലവില്‍ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു. അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.' ലിജോ പറഞ്ഞു.
തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് പുതിയ സംഘടനയെന്ന ആശയത്തിലേക്ക് കടക്കുന്നതെന്നും ഇതിലൂടെ പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നുമാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ നേതൃത്വം അവകാശപ്പെടുന്നത്. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളെ വേരൂന്നി പ്രവര്‍ത്തിക്കും, പിന്നണി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ മുന്നോട്ട് ഇറങ്ങണമെന്നും ഇവര്‍ പറയുന്നു.