Coolie: 'വില്ലൻ വേഷം ചെയ്യാൻ എനിക്കിഷ്ടമാണ്, ലോകേഷ് തമിഴ് സിനിമയുടെ രാജമൗലി': രജനികാന്ത്
മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്.
ലോകേഷ് കനകരാജ്-രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കൂലിയുടെ റിലീസ് അടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് സംവിധായകൻ. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇതോടെ ആരാധകരുടെ പ്രതീക്ഷ രണ്ടിരട്ടിയായി ഉയര്‍ന്നു. മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്.
സിനിമയുടെ പ്രമോഷൻ പരിപാടികളും തകൃതിയായി നടക്കുകയാണ്. ഹൈദരാബാദിൽ വെച്ച് നടന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിൽ ലോകേഷ് കനകരാജിനെ രാജമൗലിയുമായി താരതമ്യം ചെയ്തിരിക്കുകയാണ് രജനികാന്ത്.
'ലോകേഷ് കനകരാജ് തമിഴ് നാടിൻറെ രാജമൗലിയാണ്. എല്ലാ രാജമൗലി സിനിമകളും വിജയിക്കുന്നതുപോലെ, ലോകേഷിന്റെ സിനിമകളും ഹിറ്റുകളാണ്,' രജനികാന്ത് പറഞ്ഞു. നാഗാർജുന അവതരിപ്പിക്കുന്ന സൈമൺ എന്ന കഥാപാത്രം ചെയ്യാൻ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നതായും രജനികാന്ത് വെളിപ്പെടുത്തി.
'സൈമൺ എന്ന കഥാപാത്രമായ നാഗാർജുനയാണ് ഏറ്റവും വലിയ ആകർഷണം. സിനിമയുടെ കഥ കേട്ടപ്പോൾ, സൈമൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. വില്ലൻ വേഷങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. സൈമൺ വളരെ സ്റ്റൈലിഷാണ്. നാഗാർജുന ആ വേഷം ചെയ്യാൻ സമ്മതിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. പണമല്ല കാര്യം, അയാൾ അത്തരത്തിലുള്ള ആളല്ല. ഒരുപക്ഷേ അയാൾ ചിന്തിച്ചിട്ടുണ്ടാകാം, 'ഞാൻ എപ്പോഴും നല്ല ആളായി അഭിനയിക്കുന്നു, ഇത്തവണ നമുക്ക് ഒരു മാറ്റം പരീക്ഷിക്കാം' എന്ന്,' രജനികാന്ത് പറഞ്ഞു.