മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ലുക്മാൻ അവറാൻ. ഒരു പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്തുള്ള താരം ഇതിനകം ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലുക്മാന്റെ പുതിയ സിനിമ റിലീസിനൊരുങ്ങുന്നു.
'അതിഭീകര കാമുകൻ' സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ദൃശ്യ രഘുനാഥാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഏറെ മനോഹരമായ പോസ്റ്ററിൽ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്ന നായകനേയും നായികയേയുമാണ് കാണിച്ചിരിക്കുന്നത്. നവംബർ 14നാണ് സിനിമയുടെ റിലീസ്.
സിനിമയുടെ കളർഫുൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ മുമ്പ് ശ്രദ്ധ നേടിയിരുന്നു. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ അതിഭീകര കാമുകൻ ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിൽ ഉള്ളതാണ്. മനോഹരി ജോയ്, അശ്വിൻ, കാർത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്.