Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ സെറ്റില്‍ ഞാന്‍ ആസിഫിനെ കണ്ടില്ല, കണ്ടത് സ്ലീവാച്ചനെയാണ്:മാലാ പാര്‍വതി

webdunia

കെ ആര്‍ അനൂപ്

, വ്യാഴം, 29 ഡിസം‌ബര്‍ 2022 (09:07 IST)
മലയാളികളുടെ പ്രിയ താരം ആസിഫലിയെ കുറിച്ച് മാലാ പാര്‍വതി.നടനെ കുറിച്ച് വായിച്ച ഒരു കുറിപ്പിനോടുള്ള പ്രതികരണമാണ് ഇതൊന്നും നടി പറയുന്നു.
 
മാലാ പാര്‍വതിയുടെ വാക്കുകളിലേക്ക്
 
'ഭാവാഭിനയം ??? മൊണ്ണ വേഷവും??? ' 
 
ആസിഫ് അലിയെന്ന നടനെ കുറിച്ച് വായിച്ച ഒരു കുറിപ്പിനോടുള്ള പ്രതികരണം.
 
'വിചാരിച്ചത്രയും നന്നായില്ല' ,മഹാബോറഭിനയം, 'ഭാവം വന്നില്ല ' ഇങ്ങനെ ഒക്കെ നടി, നടന്മാരെ കുറിച്ച് പറഞ്ഞ് കേള്‍ക്കാറുണ്ട്. എന്നാല്‍ ഒരു ചിത്രത്തില്‍ ഒരു നടന്‍, അല്ലെങ്കില്‍ നടി നല്ലതാകുന്നതിന്റെയും, മോശമാകുന്നതിന്റെയും പിന്നില്‍ പല ഘടകങ്ങളുണ്ട്. ഉദാഹരണത്തിന്.. ചില അഭിനേതാക്കള്‍ക്ക്, കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ സമയം വേണ്ടി വരും.അവര്‍, പല തവണ സ്‌ക്രിപ്റ്റ് വായിച്ചും, എഴുത്തുകാരനുമായി സംവദിച്ചുമൊക്കെ ആ കഥാപാത്രത്തെ മനസ്സിലാക്കിയ ശേഷമാണ് കഥാപാത്രമായി മാറുന്നത്. 
 
എന്നാല്‍ മറ്റ് ചിലര്‍, വെറും ഒരു ക്രാഫ്റ്റ് എന്ന നിലയ്ക്ക്, അഭിനയം എന്ന കലയെ കൈകാര്യം ചെയ്യാറുണ്ട്. എന്നാല്‍ മിക്ക സിനിമകളിലും, അവര്‍ ഏതാണ്ട് ഒരേ പോലെയാവും അഭിനയിക്കുക. അതൊരു കരവിരുതാണ്. അതിനപ്പുറം, പ്രേക്ഷകന്റെ മനസ്സിനെ അത് സ്പര്‍ശിക്കാറില്ല.
 
പലപ്പോഴും, കണ്ട് വരുന്ന ഒരു കാര്യം, ഒരു കഥാപാത്രത്തെ, സിനിമയില്‍ അവതരിപ്പിക്കേണ്ടത് എങ്ങനെ എന്ന് സംവിധായകനും ഒരു കാഴ്ചപ്പാടുണ്ടാകും. അത് ചിലപ്പോള്‍ അഭിനേതാവിന്റെ സമീപനവുമായി ചേരണമെന്നില്ല.
 
അഭിനേതാവിന്റെ മനസ്സും, സംവിധായകന്റെ മനസ്സും ഒന്നായി തീരുമ്പോള്‍ മാത്രമേ കഥാപാത്രം സിനിമയില്‍ ശോഭിക്കുകയൊള്ളു.
 
ഒന്നോ രണ്ടോ സിനിമയില്‍, ഒരു നടനെ കുറച്ച് പേര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വച്ച്, ആരും 'മൊണ്ണ' ആകുന്നില്ല.
 
ആസിഫ് അലി എന്ന നടനെ കുറിച്ച് വൈറലായി എന്ന് പറയപ്പെടുന്ന ഒരു കുറിപ്പ് കണ്ടു. എനിക്ക് വലിയ വിഷമം തോന്നി അത് വായിച്ചപ്പോള്‍.
 
ആസിഫ് അലി ഒരു ഗംഭീര ആക്ടര്‍ ആണ്. കഥാപാത്രത്തിന്റെ മനസ്സിനെ ഉള്‍ക്കൊള്ളാന്‍ ആസിഫിന് പ്രത്യേകമായ ഒരു കഴിവുണ്ട്.'' ഉയരെ ' എന്ന ചിത്രത്തിലെ അഭിനയം എടുത്ത് പറയേണ്ടതാണ്. നിരാശത, പ്രേമം, കൊതി, അസൂയ, വിരഹം, പക, സംശയം ഇവയെല്ലാം, കണ്ണുകളില്‍ മിന്നി മാഞ്ഞ് കൊണ്ടിരുന്നു. 
 
 ആസിഫ് അലിയോടൊപ്പം കെട്ടിയോളാണെന്റെ മാലാഖയിലാണ് ഞാന്‍ അഭിനയിച്ചത്.ആ സെറ്റില്‍ എവിടെയും വച്ച് ഞാന്‍ ആസിഫിനെ കണ്ടില്ല. കണ്ടത് സ്ലീവാച്ചനെയാണ്. സ്ലീവാച്ചനും 'ഭാവാഭിനയം ' വേണ്ട കഥാപാത്രം തന്നെയായിരുന്നു.
 
ഒരു സിനിമയില്‍, ഒരു നടനെ കാണുമ്പോള്‍ തന്നെ, സിനിമ ബോറാകും എന്ന് വിധി എഴുതുന്നെങ്കില്‍, അത് ശരിയായ വിധി എഴുത്തല്ല.പക്ഷപാതമുണ്ട് ആ വിമര്‍ശനത്തിന്.
 
മന: പൂര്‍വ്വം താറടിച്ച് കാണിക്കാന്‍, എഴുതുന്ന കുറിപ്പുകള്‍.. വല്ലാതെ സങ്കടമുണ്ടാക്കും.
 
നല്ല നടന്‍ ചിലപ്പോള്‍ മോശമായി എന്ന് വരാം.എന്നാല്‍ ചില നടന്മാര്‍ ഒരിക്കലും നന്നാവുകയുമില്ല, മോശമാവുകയുമില്ല. ഒരു മിനിമം ഗ്യാരന്റി അഭിനയം കാഴ്ചവെയ്ക്കും.ചിലര്‍ക്കിതാണ് അഭിനയത്തിന്റെ മാനദണ്ഡം.
 
അത് എല്ലാവരുടെയും അളവ് കോല്‍ അല്ല. യുവനടന്മാരില്‍ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായിട്ടാണ് ആസിഫ് അലിയെ ഞാന്‍ കണക്കാക്കുന്നത്. ഒരു ഉഗ്രന്‍ നടന്‍! 
 
എല്ലാ സിനിമകളിലും അയാള്‍ തിളങ്ങുന്നില്ലെങ്കില്‍, അയാള്‍ ആ കലയോട് നീതി പുലര്‍ത്തുന്നു എന്ന് വേണം മനസ്സിലാക്കാന്‍. കരവിരുത് എന്നതിനപ്പുറം, അഭിനയത്തെ ഒരു കലയായി കാണുന്നത് കൊണ്ടാകാം ഈ ഏറ്റകുറച്ചിലുകള്‍. ആ സത്യസന്ധത ഉള്ളത് കൊണ്ട്, അയാള്‍ ഇടയ്ക്ക് അത്ഭുതങ്ങളും കാട്ടും. 
ആസിഫ് അലി എന്ന നടനെ തള്ളി കളയാനാവില്ല. ഋതു മുതല്‍ അയാള്‍ ചെയ്ത ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും അത് ബോധ്യപ്പെടും.
 
പ്രശസ്ത നാടകകൃത്ത് സി.ജെ.തോമസ് പറഞ്ഞിട്ടുള്ളത്, ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്ത് പോകുന്നു.' ആ മനുഷ്യന്‍, നീ തന്നെ ' എന്ന സി.ജെയുടെ നാടകത്തില്‍
ദാവീദ് പറയുന്നത് പോലെ.. ഒരു പ്രതിഭയുടെ പ്രഭാവ കാലത്തില്‍ ,അയാള്‍ ഇടവിട്ടേ ജീവിക്കുന്നൊളളു. '
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാന്താരയിലെ മാജിക് മാളികപ്പുറത്തിലും ! പ്രതീക്ഷയോടെ അണിയറ പ്രവര്‍ത്തകര്‍, വീഡിയോ