ഓണം റിലീസുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് സിനിമയായ ഹൃദയപൂര്‍വവും ഡൊമിനിക് അരുണ്‍- കല്യാണി പ്രിയദര്‍ശന്‍ സിനിമയായ ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്രയും. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ എന്ന പ്രത്യേകതയുമായി തിയേറ്ററുകളിലെത്തിയ ലോകയിലെ പ്രകടനത്തിന് വലിയ അഭിനന്ദനങ്ങളാണ് കല്യാണിക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഹൃദയപൂര്‍വം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായെത്തിയ മാളവിക മോഹനന്‍.
ലോക അതിഗംഭീര സിനിമയാണെന്നാണ് മാളവിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇങ്ങനെ ശക്തമായ ഒരു സ്ത്രീകഥാപാത്രത്തെ സ്‌ക്രീനില്‍ കാണുന്നതില്‍ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ ബോക്‌സോഫീസ് പ്രകടനവും സന്തോഷം നല്‍കുന്നതാണെന്നും മാളവിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ഈ ഓണത്തിന് നമുക്കൊരുമിച്ച് വിജയം ആഘോഷിക്കാമെന്നാണ് കല്യാണി കുറിച്ചത്. മാളവികയ്ക്ക് പുറമെ ബേസില്‍ ജോസഫ്, ദുല്‍ഖര്‍ സല്‍മാന്‍, ഭാര്യ അമാല്‍ തുടങ്ങി നിരവധി പേരും കല്യാണിക്ക് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.