മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം നാല് ദിവസം കൊണ്ട് ബോക്‌സ്ഓഫീസില്‍ 20 കോടിയിലേറെ കളക്ട് ചെയ്‌തെന്നാണ് കണക്കുകള്‍. മമ്മൂട്ടിയുടെ മാസ് സീനുകളാല്‍ സമ്പന്നമായ ചിത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ കൊണ്ട് കയ്യടിപ്പിച്ച ഒരു ഫൈറ്റ് രംഗമുണ്ട്. വില്ലന്‍മാരില്‍ ഒരാളെ പിടിക്കാനായി മമ്മൂട്ടിയും സംഘവും നോര്‍ത്ത് ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ നടത്തുന്ന സംഘട്ടനമാണ് അത്. ഈ സീനില്‍ ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി വാഹനമോടിച്ചതെന്ന് സംവിധായകന്‍ റോബി പറയുന്നു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
' ഗ്രാമത്തില്‍ വെച്ചുള്ള സംഘട്ടന രംഗം ശരിക്കും വെല്ലുവിളിയായിരുന്നു. അവിടെ നിന്ന് വണ്ടിയില്‍ ഒരു വില്ലനെ പിടിച്ചെടുത്ത് പോകുന്നുണ്ടല്ലോ, അവിടെ ഡ്യൂപ്പൊന്നും ഇല്ല. ആ സീനില്‍ ഡ്രൈവ് ചെയ്തിരിക്കുന്നത് മമ്മൂക്ക തന്നെയാണ്. 360 ഡിഗ്രി ടേണിങ്‌സ് എല്ലാം ഒരുവിധം മമ്മൂക്ക തന്നെയാണ് ചെയ്തത്. 360 ഡിഗ്രി റൊട്ടേഷന്‍ സീനൊക്കെ പുള്ളി തന്നെയാണ് ചെയ്തത്,' റോബി പറഞ്ഞു.