Mammootty: നിരാശയോടെ മടങ്ങാന്‍ നിന്ന ആരാധകര്‍ക്കു മുന്നിലേക്ക് വീഡിയോ കോളില്‍ എത്തി മമ്മൂട്ടി; കുടുംബത്തിനൊപ്പം കേക്ക് മുറിച്ചു (വീഡിയോ)
മമ്മൂട്ടിക്ക് നേരിട്ട് ആശംസകള്‍ നേരാനാണ് ആരാധകര്‍ കൊച്ചി കടവന്ത്രയിലെ വീടിനു മുന്നിലെത്തിയത്
Mammootty: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് 73-ാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമ താരങ്ങളും രാഷ്ട്രീയ പ്രമുഖരും മുതല്‍ സാധാരണക്കാരായ ആരാധകര്‍ വരെ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേരുന്ന തിരക്കിലാണ്. പതിവ് പോലെ രാത്രി 12 മണിക്ക് കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടിലേക്ക് നൂറുകണക്കിനു ആരാധകര്‍ എത്തി.
മമ്മൂട്ടിക്ക് നേരിട്ട് ആശംസകള്‍ നേരാനാണ് ആരാധകര്‍ കൊച്ചി കടവന്ത്രയിലെ വീടിനു മുന്നിലെത്തിയത്. എന്നാല്‍ ഈ സമയത്ത് മമ്മൂട്ടി വീട്ടില്‍ ഉണ്ടായിരുന്നില്ല. മമ്മൂട്ടിയെ കാണാതെ തിരിച്ചുപോകേണ്ടി വരുമെന്ന് ആരാധകര്‍ കരുതി. അപ്പോഴാണ് നിരാശപ്പെട്ടു നില്‍ക്കുന്ന തന്റെ ആരാധകര്‍ക്കു മുന്നിലേക്ക് സര്‍പ്രൈസ് ആയി മമ്മൂട്ടി വീഡിയോ കോളില്‍ എത്തുന്നത്. ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ മകള്‍ മറിയം എന്നിവരേയും വീഡിയോ കോളില്‍ കാണാമായിരുന്നു. ആരാധകര്‍ക്കു നന്ദി പറഞ്ഞ മമ്മൂട്ടി വീഡിയോ കോളില്‍ തുടര്‍ന്ന് കുടുംബത്തോടൊപ്പം കേക്ക് മുറിച്ചു. ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍ നേരുകയും ചെയ്തു.
ജന്മദിന ദിവസം വീടിനു മുന്നിലെത്തുന്ന ആരാധകരെ മട്ടുപ്പാവില്‍ വന്ന് മമ്മൂട്ടി കാണാറുണ്ടായിരുന്നു. മമ്മൂട്ടിയെ കണ്ട ശേഷം ആരാധകര്‍ മടങ്ങുകയാണ് പതിവ്. മുന്‍ വര്‍ഷങ്ങളില്‍ വീടിനു മുന്നില്‍ തടിച്ചുകൂടിയ ആരാധകര്‍ക്ക് മമ്മൂട്ടി മധുരം നല്‍കുകയും ചെയ്തിരുന്നു.