മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സിനിമയാണ് MMN. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ചിത്രത്തിന്റെ പോസ്റ്റർ ഉടൻ പുറത്തുവരുമെന്ന് സൂചന. കുറുപ്പ്, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം തുടങ്ങി നിരവധി സിനിമകളുടെ പോസ്റ്റർ നിർമിച്ച് ഫാൻസിനെ ഉണ്ടാക്കിയെടുത്ത 'ഏസ്‌തെറ്റിക് കുഞ്ഞമ്മ' എന്ന കമ്പനി തന്നെയാണ് ഈ ചിത്രത്തിന്റെയും പോസ്റ്റർ നിർമിക്കുന്നത്.
മഹേഷ് നാരായൺ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചിട്ടുണ്ടെന്നും സിനിമയിലെ സ്റ്റില്ലുകൾ കണ്ടിട്ടുണ്ടെന്നും പറയുകയാണ് നടനും ഏസ്‌തെറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയുടെ സ്ഥാപകനുമായ അരുണ്‍ അജികുമാര്‍. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അരുൺ.
'ഇനി വരാനുള്ളത് മഹേഷേട്ടന്‍റെ 'എം എം എൻ' എന്ന സിനിമയാണ്. മമ്മൂട്ടിയും ലാലേട്ടനും ഒന്നിക്കുന്ന ഒരടിപൊളി ചിത്രമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ സിനിമയുടെ പോസ്റ്റർ കുറച്ചുനാൾ മുന്നേ ചെയ്തുവെച്ചിരുന്നതാണ്. ഇനി ഇറക്കിയാൽ മതി. സ്റ്റീൽസ് ഉണ്ട്.
അതുമാത്രമല്ല സിനിമയുടെ സ്ക്രിപ്റ്റ് ഞാൻ വായിച്ചിട്ടുണ്ട്. വളരെ ആകാംക്ഷ ഉണ്ടാക്കിയിട്ടുള്ള സ്ക്രിപ്റ്റ് ആണ്. മഹേഷ് ഏട്ടന്റെ മുൻപുള്ള ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടിലേ, അതുപോലെ ഇതും പൊളിയാണ്. മമ്മൂക്കയേയും ലാലേട്ടനെയും ഒരു ഫ്രെയിമിൽ കാണാൻ നമ്മൾ കാത്തിരിക്കുകയല്ലേ, ഞാനും എല്ലാവരെയും പോലെ അതിനാണ് കാത്തിരിക്കുന്നത്,' അരുൺ അജികുമാർ പറഞ്ഞു.