Amaram Re Release: പ്രതീക്ഷിച്ചത് രാജമാണിക്യവും മായാവിയും, കിട്ടിയത് അമരം; റീ റിലീസിനൊരുങ്ങി മമ്മൂട്ടി സിനിമ
34 വർഷത്തിന് ശേഷം സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.
മലയാളത്തിൽ റീ റിലീസിന്റെ സമയമാണ്. റീ റിലീസ് സിനിമാ ലിസ്റ്റിലേക്ക് ഒരു സിനിമ കൂടി. ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് അമരം. മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ പുറത്തിറങ്ങി 34 വർഷത്തിന് ശേഷം സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.
4K ഡോൾബി അറ്റ്മോസിലാണ് സിനിമ റീ റിലീസിന് ഒരുങ്ങുന്നത്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ചലച്ചിത്ര വിതരണ കമ്പനിയായ സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 1991 ഫെബ്രുവരി ഒന്നിനായിരുന്നു അമരത്തിന്റെ റിലീസ്. അമരം തിയേറ്ററിൽ വലിയ വിജയമായിരുന്നു.
അതേസമയം, മമ്മൂട്ടി ആരാധകർ അത്ര ഹാപ്പിയായല്ല. രാജമാണിക്യം, മായാവി, ബിഗ് ബി തുടങ്ങിയ മമ്മൂട്ടി സിനിമകളാണ് റീ റിലീസ് ചെയ്യണ്ടതെന്നും അമരം പോലെയുള്ള സിനിമകൾക്ക് റീ റിലീസിൽ ആളെക്കൂട്ടാൻ സാധിക്കില്ലെന്നാണ് പലരും പറയുന്നത്. അമരം നല്ല സിനിമയാണെങ്കിലും റീ റിലീസ് വേണ്ട എന്നാണ് മറ്റു ചിലരുടെ കമന്റ്. സിനിമയുടെ റീ റിലീസ് ഡേറ്റ് പുറത്തുവന്നിട്ടില്ല.