4 ദിവസം, 20 കോടി; എക്സ്‌ട്രാ ചെയറുമായി ആരാധകർ, തിയേറ്ററിൽ ബോസിന്റെ ആധിപത്യം

ഗോൾഡ ഡിസൂസ

തിങ്കള്‍, 27 ജനുവരി 2020 (11:19 IST)
2020 മമ്മൂട്ടിക്ക് നല്ല വർഷമാണ്. തുടക്കം തന്നെ ഗംഭീരം. അജയ് വാസുദേവിന്റെ കിടിലൻ ഡയറക്ഷനിൽ വന്ന ഷൈലോക്ക് ബോക്സോഫീസിനെ വിറപ്പിക്കുകയാണ്. റിലീസ് ചെയ്ത് നാലാം ദിവസമാകുമ്പോഴും എൿസ്ട്രാ ചെയറുകളുമായിട്ടാണ് ആരാധകർ സിനിമ കാണുന്നത്. ചില തിയേറ്ററുകളിൽ നിലത്തിരുന്നും ഷോ കാണുന്നവരുണ്ട്. 
 
മമ്മൂട്ടിയുടെ ബോസ് എന്ന അസുരനെ കേരള ജനത നെഞ്ചേറ്റിയെന്ന് ചുരുക്കം. റിലീസ് ആയി 4 ദിവസമാകുമ്പോൾ ചിത്രം 20 കോടിക്കടുത്ത് കളക്ട് ചെയ്തതായി റിപ്പോർട്ട്. ആദ്യ ദിനം 5 കോടിക്കടുത്താണ് പടം കളക്ട് ചെയ്തത്. രണ്ടാം ദിവസം 3.70 കോടി, മൂന്നാം ദിവസം 5 കോടിയും നാലാം ദിവസമായ ഞായറാഴ്ച 6.50 കോടിയും നേടിയെന്നാണ് റിപ്പോർട്ട്. കണക്കുകൾ ഔദ്യോഗികമല്ല. ഔദ്യോഗിക കളക്ഷൻ റിപ്പോർട്ട് അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്. 
 
റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം വമ്പന്‍ വരവേല്‍പ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഓള്‍ റൗണ്ടര്‍ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടി മികച്ച നടൻ, നടി നൈല ഉഷ; രാമു കാര്യാട്ട് പുരസ്‌കാരങ്ങൾ സമ്മാനിച്ചു