Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപിച്ചെന്നു കണ്ടുപിടിച്ചാല്‍ മമ്മൂട്ടി ചീത്ത വിളിക്കും; ആ സമയത്ത് ആരോഗ്യനില വളരെ മോശമായിരുന്നു

ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത സിനിമയാണ് തൊമ്മനും മക്കളും

Mammootty scolded Rajan P Dev

രേണുക വേണു

, വ്യാഴം, 15 മെയ് 2025 (20:28 IST)
ഗൗരവക്കാരനാണ് മമ്മൂട്ടിയെന്നാണ് പൊതുവെ എല്ലാവരും കരുതുന്നത്. എന്നാല്‍, ഉള്ളിന്റെ ഉള്ളില്‍ സ്നേഹവും കരുതലും മാത്രമുള്ള വല്ല്യേട്ടനാണ് സിനിമാ സെറ്റില്‍ മമ്മൂട്ടിയെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നത്. തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം തനിക്കൊപ്പമുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാനും മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. അത്തരം ഒരുപാട് സംഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. അതിലൊരു സംഭവം ഇങ്ങനെയാണ്. 
 
ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത സിനിമയാണ് തൊമ്മനും മക്കളും. മമ്മൂട്ടി, രാജന്‍ പി.ദേവ്, ലാല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തൊമ്മനും മക്കളും തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു. 
 
തൊമ്മനും മക്കളും ഷൂട്ടിങ് നടക്കുന്ന വേളയില്‍ രാജന്‍ പി.ദേവിന്റെ ആരോഗ്യം വളരെ മോശമായിരുന്നു. രാജന്‍ പി.ദേവ് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒരുപാട് നേരിടുന്ന കാര്യം മമ്മൂട്ടിക്കും അറിയാം. രാജന്‍ പി.ദേവിന് മദ്യപിക്കാന്‍ പാടില്ലായിരുന്നു. കാല്‍ നീരുവന്ന് വീര്‍ക്കുന്ന പ്രശ്നവും അദ്ദേഹം നേരിട്ടിരുന്നു. ഇത്തരം കാര്യങ്ങളെല്ലാം അറിയുന്ന മമ്മൂട്ടി രാജന്‍ പി.ദേവിനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഷൂട്ടിങ്ങിനെത്തുമ്പോള്‍ ആദ്യം ചെയ്യുക രാജന്‍ പി.ദേവിനെ പോയി കാണുകയാണ്. ആരോഗ്യത്തെ കുറിച്ച് ചോദിച്ചറിയും. ഇടയ്ക്കിടെ രാജന്‍ പി.ദേവിനെ കൊണ്ട് ഊതിപ്പിച്ചു നോക്കും. മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയാനാണ് അത്. ഷൂട്ടിങ് കഴിഞ്ഞ് രാത്രി ഏറെ വൈകിയും ഇടയ്ക്കിടെ മമ്മൂട്ടി രാജന്‍ പി.ദേവിന്റെ മുറിയിലെത്തും. തന്റെ കണ്ണുവെട്ടിച്ച് രാജന്‍ പി.ദേവ് മദ്യപിക്കുന്നുണ്ടോ എന്നറിയാനാണ് സിബിഐ മോഡലില്‍ മമ്മൂട്ടി രാജന്‍ പി.ദേവിന്റെ മുറിയിലെത്തിയിരുന്നത്. തന്റെ കണ്ണുവെട്ടിച്ച് ഒരു തുള്ളി മദ്യപിച്ചതായി അറിഞ്ഞാല്‍ രാജന്‍ പി.ദേവിനെ മമ്മൂട്ടി കണ്ണുപൊട്ടുന്ന ചീത്ത പറയും. നല്ല ഡോക്ടറെ കാണാന്‍ രാജന്‍ പി.ദേവിനെ മമ്മൂട്ടി ഉപദേശിച്ചിരുന്നു. പിന്നീട് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്ന് രാജന്‍ പി.ദേവ് മരിച്ചു. 
 
അവസാനമായി തന്റെ സ്നേഹിതനെ കാണാന്‍ എത്തിയ മമ്മൂട്ടി രാജന്‍ പി.ദേവിന്റെ വീട്ടില്‍ നില്‍ക്കുകയായിരുന്ന ബെന്നി പി.നായരമ്പലത്തിന്റെ അടുത്തെത്തി വേദനയോടെ പറഞ്ഞത് 'നമ്മുടെ തൊമ്മന്‍ പോയീട്ടാ,' എന്നാണ്. ബെന്നി പി.നായരമ്പലം തന്നെയാണ് ഒരിക്കല്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Prince and Family: വന്‍ വിജയമാകാന്‍ ദിലീപ് ചിത്രത്തിനു സാധിക്കുമോ? കണക്കുകള്‍ അത്ര നല്ലതല്ല