Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റെ കൂടെ ദിലീപ് എന്നൊരു ചെറുപ്പക്കാരന്‍ അഭിനയിച്ചിട്ടുണ്ട്, നല്ല ഹ്യൂമര്‍സെന്‍സാണ്; മാനത്തെ കൊട്ടാരത്തിലേക്ക് വഴി തുറന്നിട്ടത് മമ്മൂട്ടി, വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയുടെ ജനപ്രിയന്‍

എന്റെ കൂടെ ദിലീപ് എന്നൊരു ചെറുപ്പക്കാരന്‍ അഭിനയിച്ചിട്ടുണ്ട്, നല്ല ഹ്യൂമര്‍സെന്‍സാണ്; മാനത്തെ കൊട്ടാരത്തിലേക്ക് വഴി തുറന്നിട്ടത് മമ്മൂട്ടി, വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയുടെ ജനപ്രിയന്‍
, തിങ്കള്‍, 9 ഓഗസ്റ്റ് 2021 (14:34 IST)
ദിലീപിന്റെ ആദ്യകാല സിനിമകളില്‍ ഒന്നാണ് മാനത്തെ കൊട്ടാരം. ദിലീപ് ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രം എന്നുകൂടി മാനത്തെ കൊട്ടാരത്തിനു പ്രത്യേകതയുണ്ട്. 1994 ലാണ് ഈ ദിലീപ് സിനിമ തിയറ്ററുകളിലെത്തിയത്. ദിലീപിനൊപ്പം ഖുശ്ബു, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, നാദിര്‍ഷാ തുടങ്ങി നിരവധി പ്രമുഖര്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 
 
കലാഭവന്‍ അന്‍സാറിന്റെയും റോബിന്‍ തിരുമലയുടെയും തിരക്കഥയില്‍ സുനില്‍ സംവിധാനം ചെയ്ത സിനിമയാണ് മാനത്തെ കൊട്ടാരം. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു റോബിന്‍ തിരുമലയും സുനിലും. ആ സമയത്താണ് മാനത്തെ കൊട്ടാരം പിറക്കുന്നത്. രാജകീയം എന്ന പേരിലാണ് മമ്മൂട്ടി ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരുന്നത്. കലാഭവന്‍ അന്‍സാറിന് മമ്മൂട്ടിയുമായി നല്ല ബന്ധമുണ്ടായിരുന്നു. റോബിനൊപ്പം അന്‍സാറും മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ രചിക്കാന്‍ കൂടി. 
 
റോബിന്‍ അന്‍സാറിനോട് കഥ പറയാന്‍ തുടങ്ങി. ഒരു സിനിമാ നടിയുടെ ഭയങ്കര ഫാന്‍സ് ആയ നാല് ചെറുപ്പക്കാര്‍. നടിയെ എങ്ങനെയെങ്കിലും കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഈ യുവാക്കള്‍. അതിനിടയില്‍ ആ നടി ഈ ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് കയറിവരുന്നു. ഈ കഥ കേട്ടയും അന്‍സാറിന് ഇഷ്ടമായി. ഒരു കോമഡി ട്രാക്കിലാണ് അന്‍സാര്‍ ഈ വിഷയങ്ങളെ ആലോചിച്ചത്. മമ്മൂട്ടി ചിത്രമായ രാജകീയം മാറ്റിവച്ചിട്ട് ഈ കോമഡി ചിത്രത്തിനു പിന്നാലെ പോയാലോ എന്ന് ഇരുവരും ആലോചിച്ചു. നിര്‍മാതാവ് ഹമീദിനോടും സംവിധായകന്‍ സുനിലിനോടും കാര്യം അറിയിച്ചു. ഇരുവര്‍ക്കും കോമഡി ട്രാക്കില്‍ പോകുന്ന കഥ ഇഷ്ടമായി. അങ്ങനെ ഇക്കാര്യം മമ്മൂട്ടിയെ അറിയിക്കാന്‍ തീരുമാനിച്ചു.
 
മമ്മൂട്ടിയുടെ മഹാബലിപുരത്തെ വീട്ടിലേക്കാണ് ഇവര്‍ പോയത്. മമ്മൂട്ടിയോട് കാര്യം പറഞ്ഞു. പിന്നീട് മമ്മൂട്ടിക്കൊപ്പം ഇവര്‍ കാറില്‍ കയറി. ഈ യാത്രയ്ക്കിടെ അന്‍സാര്‍ കഥ പറഞ്ഞുകേള്‍പ്പിച്ചു. മമ്മൂട്ടിയ്ക്കും കഥ ഇഷ്ടമായി. രാജകീയത്തിനായുള്ള ഡേറ്റ് മാറ്റിവയ്ക്കുന്നതില്‍ മമ്മൂട്ടിക്ക് അതൃപ്തിയൊന്നും ഉണ്ടായിരുന്നില്ല. മാനത്തെ കൊട്ടാരം ആരെ വച്ചാണ് ചെയ്യുന്നതെന്ന് മമ്മൂട്ടി ഇവരോട് ചോദിച്ചു. ജയറാം, മുകേഷ് എന്നിവരെയാണ് തങ്ങള്‍ മനസില്‍ ഉദ്ദേശിക്കുന്നതെന്ന് തിരക്കഥാകൃത്തുക്കള്‍ മമ്മൂട്ടിയോട് പറഞ്ഞു. അപ്പോള്‍ മമ്മൂട്ടിയാണ് ദിലീപിനെ സജസ്റ്റ് ചെയ്തത്. 'സൈന്യം എന്ന പുതിയ ജോഷി ചിത്രത്തില്‍ എന്റെ കൂടെ ദിലീപ് എന്നൊരു ചെറുപ്പക്കാരന്‍ അഭിനയിക്കുന്നുണ്ട്. നല്ല ഹ്യൂമര്‍സെന്‍സാണ്. അവനെ നായകനാക്കിയാല്‍ ഈ കോമഡി നന്നായി വര്‍ക്കൗട്ടാകും,' മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണ് മാനത്തെ കൊട്ടാരത്തിലൂടെ ദിലീപ് നായകനായി അരങ്ങേറുന്നത്. റോബിന്‍ തിരുമലയാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യേശുദേവനെ അവഹേളിക്കാനുള്ള കുടിലനീക്കം: നാദിർഷയുടെ സിനിമകൾ നിരോധിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി