മലയാളി സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്ലര്‍ എന്ന സിനിമ. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ തന്നെ ചിത്രത്തെ പറ്റി പ്രതീക്ഷകള്‍ വാനോളമാണ്. ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ മമ്മൂട്ടിയുണ്ടാകുമെന്നും മെഡിക്കോ ത്രില്ലറായാണ് സിനിമ ഇറങ്ങുന്നതെന്നും സിനിമയുടെ അണിയറക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മെഡിക്കോ ത്രില്ലര്‍ പശ്ചാത്തലം വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലര്‍. ഉറക്കമില്ലായ്മ അല്ലെങ്കില്‍ ഇന്‍സോമനിയ ബാധിതനായ അന്വേഷണോദ്യഗസ്ഥനായി ജയറാമെത്തുന്ന ചിത്രത്തില്‍ ആശുപത്രിയും കൊലപാതകവുമെല്ലാമാണ് പശ്ചാത്തലമായി വരുന്നത്. വന്‍തോതില്‍ രക്തസ്രാവം കൊണ്ടുള്ള മരണവും സര്‍ജന്റേതിന് സമാനമായ മുറിവുകളും ഉണ്ടാക്കുന്ന കൊലപാതകിയും കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന ഓസ്ലറും ട്രെയിലറില്‍ ഉണ്ടെങ്കിലും ട്രെയിലറില്‍ ഒരു ഭാഗത്തും മമ്മൂട്ടിയുടെ സാന്നിധ്യമില്ല.
എന്നാല്‍ സിദ്ദിഖിന്റെ മോണോലോഗിന് ശേഷം ട്രെയിലര്‍ അവസാനത്തില്‍ വരുന്ന ഡെവിള്‍സ് അള്‍ട്ടര്‍നേറ്റിവ് എന്ന ഭാഗത്ത് മമ്മൂട്ടിയുടെ ശബ്ദം വ്യക്തമാണ്. ഒരുപക്ഷേ കൊലപാതകങ്ങള്‍ക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ അല്ലെങ്കില്‍ അതിന്റെ ചുരുളഴിക്കുന്നതില്‍ ജയറാമിനെ സഹായിക്കുന്ന പ്രധാന കഥാപാത്രമായി ആയിരിക്കും സിനിമയില്‍ മമ്മൂട്ടി എത്തുക.