മരക്കാറിന്റെ ഒടിടി റിലീസ് ചെയ്യുന്നതില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. തിയറ്ററുകളില്‍ റിലീസ് ചെയ്യാനായി നിര്‍മ്മിച്ച ചിത്രം ഒടുവില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുവാന്‍ ഇടയായ സാഹചര്യം വിശദീകരിക്കുകയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളില്‍ ഒരാളായ സന്തോഷ് ടി കുരുവിള.
സന്തോഷ് ടി കുരുവിളയുടെ വാക്കുകള്‍
മോഹന്‍ലാല്‍ മലയാളത്തില്‍ നിന്ന് ലോകത്തിന്റെ തന്നെ ഉത്തുംഗത്തിലേയ്ക്ക് ' മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന സിനിമയിലൂടെ എത്തുകയാണ്.
മഹാമാരിയുടെ താണ്ഡവത്തില്‍ ഇനിയും സാധാരണത്വം അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തിരിച്ചു പിടിയ്ക്കാന്‍ കഴിയാത്ത മനുഷ്യ ജീവിതങ്ങള്‍ക്ക് വിനോദ വ്യവസായത്തിന്റെ പുത്തന്‍ ഉപാധികളെ ആശ്രയിക്കുക എന്നത് മാത്രമാണ് കരണീയമായിട്ടുള്ളത് .
അതെ കുഞ്ഞാലിമരയ്ക്കാര്‍ ഒ.ടി. ടി. എന്ന ആധുനിക തട്ടകം പ്രയോജനപ്പെടുത്താന്‍ നിര്‍ബന്ധിതരായിരിയ്ക്കുയാണ്.
തീയറ്റര്‍ റിലീസ് എന്നത് മാത്രമായിരുന്നു 2018 മുതല്‍ ഈ ചിത്രത്തിനായ് നിക്ഷേപം നടത്തി തുടങ്ങുമ്പോള്‍ ഞാനടക്കമുള്ള നിര്‍മ്മാതാക്കളുടെ ലക്ഷ്യം . വേറൊരു പദ്ധതിയും മനസാവാചാ കര്‍മ്മണ ചിന്തയിലുണ്ടായിരുന്നില്ല .
മോഹന്‍ ലാല്‍ എന്ന മഹാ നടനിലൂടെ ഒരു ലോകോത്തര ചിത്രം എന്നതായിരുന്നു ശ്രീ ആന്റണി പെരുമ്പാവൂര്‍ എന്ന മലയാളത്തിലെ എക്കാലത്തേയും മികച്ച നിര്‍മ്മാതാവിന്റെ സ്വപ്ന പദ്ധതി .
ആശിര്‍ വാദ് സിനിമാസിനൊപ്പം കോ പ്രൊഡ്യൂസേഴ്‌സായ മാക്‌സ് ലാബ് , ശ്രീ സി.ജെ റോയ് , സന്തോഷ് ടി കുരുവിള എന്ന ഞാനടക്കം വിപണിയിലെ അതിസാഹസികത അറിഞ്ഞു കൊണ്ടുതന്നെയാണ് ഈ മോഹസാക്ഷാത്കാരത്തിന്റെ ഭാഗമായത് .
ഈ പ്രൊജക്ടിനോടൊപ്പം ചേര്‍ന്ന പ്രിയദര്‍ശന്‍ എന്ന ഇന്ത്യ കണ്ട മികച്ച സംവിധായകനടക്കമുള്ളവര്‍ , മറ്റു ഭാഷകളില്‍ നിന്നും മലയാളത്തില്‍ നിന്നുമുള്ള നടീ നടന്‍മാര്‍ എന്നിങ്ങനെ സകലരും പ്രതിഫലത്തിനപ്പുറം സ്വയ പ്രയത്‌നം കൂടി ഈ സിനിമയ്ക്കായ് സമര്‍പ്പിച്ചവരാണ് .
ലോക സിനിമാ വിപണിയിലും ഇന്ത്യന്‍ സിനിമാ ബിസിനസിലും പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ക്ക് പരിമിതികളുണ്ട് .
നിക്ഷേപിയ്ക്കാവുന്ന തുകയ്ക്ക് തന്നെ വരമ്പുകളുണ്ട് . പക്ഷെ അത്തരം ബിസിനസ് ലോജിക്കുകളെ പ്പോലും ചലഞ്ച് ചെയ്തു കൊണ്ടാണ് നൂറുകോടിയ്ക്കടുത്ത് ശ്രീ ആന്റണി പെരുമ്പാവൂര്‍ എന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ആത്മവിശ്വാസത്താല്‍ നിക്ഷേപിയ്ക്കപ്പെട്ടത്.
ഈ ബ്രഹ്മാണ്ഡചിത്രത്തിന്റെ റിലീസിന് തൊട്ടു മുമ്പുള്ള മാസങ്ങളിലാണ് കോവിഡ് എന്ന മഹാമാരി പൊട്ടിപുറപ്പെടുന്നത് . പല തവണ റിലീസ് തീയതികള്‍ മാറ്റി നിക്ഷേപകര്‍ തീയറ്റര്‍ റിലീസിനായ് കാത്തിരുന്നു . ലോകം തന്നെ സാധാരണത്വത്തിലേയ്ക്ക് തിരികെയെത്തുമ്പോള്‍ തീയറ്ററുകളെ തികച്ചും സജീവമാക്കാന്‍ ഈ ചിത്രത്തിന് സാധിയ്ക്കും എന്നതും അത്യന്ത്യകമായ് സിനിമയെ സ്‌നേഹിയ്ക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് അറിയുമായിരുന്നു .
കോവിഡ് ഭീഷണി താരതമ്യേന കുറഞ്ഞു വെങ്കിലും വിപണിയിലേ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പ്രമുഖ ഒ.ടി. ടി. പ്ലാറ്റ്‌ഫോമിന്റെ ഓഫര്‍ , വമ്പന്‍ റിട്ടേണ്‍സ് ലഭിയ്ക്കില്ലായെങ്കിലും നിലവിലെ സാഹചര്യം മൂലം തീയറ്ററില്‍ നിന്നും സംഭവിയ്ക്കാവുന്ന വരുമാന നഷ്ടത്തിന്റെ ആഘാതം പരിഹരിയ്ക്കുന്ന ഒരു സേഫ്റ്റി വാല്‍ വാണിത് ഒരര്‍ത്ഥത്തില്‍ ലൈഫ് ലൈന്‍ തന്നെയാണ് .
തീയറ്റര്‍ മാത്രം ലക്ഷ്യമാക്കിയിരുന്ന ശ്രീ ആന്റണി പെരുമ്പാവൂര്‍ , ഈ ഓഫര്‍ നില്‍ക്കെ തന്നെ തീയറ്റര്‍ ഉടമകളേക്കൂടി വിശ്വാസത്തിലെടുത്തും പങ്കാളിത്തവും നല്‍കി ഒരു ബദല്‍ മാര്‍ഗ്ഗമാണ് പരിഗണിച്ചിരുന്നത് . ഇന്‍ഷുറന്‍സ് കമ്പനികള്‍ പോലും റീ ഇന്‍ഷുറന്‍സെടുത്ത് റിസ്‌കുകള്‍ ലഘൂകരിയ്ക്കുന്ന കാലത്ത് തീയറ്റര്‍ കളക്ഷനിലൂടെ മാത്രം ലഭിയ്‌ക്കേണ്ട വരുമാനത്തിന് ഉറപ്പ് തേടുക എന്നത് ഒരു നിര്‍മ്മാതാവിന്റെ സാധാരണ യുക്തിയില്‍ പെടുന്നതാകയാല്‍ അതിനായ് ശ്രമങ്ങള്‍ നടത്തി , റിസ്‌ക് എന്നത് നിര്‍മ്മാതാവിന്റെ മാത്രം ഉത്തരവാദത്തില്‍ പെടും എന്ന നിലയില്‍ എത്തിയപ്പോള്‍ തീയറ്ററുടമകളുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു .
മലയാള സിനിമയുടെ ചെറിയ ചരിത്രത്തില്‍ തന്നെ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാക്കള്‍ വലിയ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്നതിന് നമ്മള്‍ സാക്ഷിയായിട്ടുണ്ട് . എടുത്തു പറയാന്‍ ഒട്ടേറെ പേരുകള്‍ , കമ്പനികള്‍ ധാരാളം .
ആത്യന്തികമായ് ചലച്ചിത്ര പ്രേമികളായ സംരംഭകരുടെ നില നില്‍പ്പ് അനിവാര്യതയാണ് , ഇന്നേ വരെ അഭിമുഖീകരിയ്ക്കാത്ത പ്രതിസന്ധി ലോകം തന്നെ നേരിടുമ്പോള്‍ ഉചിതമായ തീരുമാനം തക്കസമയത്ത് എടുക്കുക എന്നതാണ് ആധുനിക ബിസിനസ് മാനേജ്‌മെന്റ് സിദ്ധാന്തങ്ങള്‍ തന്നെ പറയുന്നത് . നിലനില്‍പ്പാണ് പ്രധാനം ഇപ്പോള്‍ അതാണ് പ്രായോഗികവുമായിട്ടുള്ളത് . ഈ കപ്പലിന്റെ കപ്പിത്താന്‍ ശ്രീ ആന്റണി പെരുമ്പാവൂര്‍ ഈ മഹായാനത്തെ കരയ്ക്കടുപ്പിക തന്നെ ചെയ്യും .
ഒരു പക്ഷെ കേരളത്തിലെ തീയറ്റര്‍ ഉടമക ള്‍ കുറച്ചു കൂടി ഉള്‍കാഴ്ചയോടെ ഒരു നീക്കം നടത്തിയിരുന്നുവെങ്കില്‍ അത് ഒരു വിപ്‌ളവമാകുമായിരുന്നു , തീയറ്ററുകളെ സമ്പൂര്‍ണ്ണമായ് സജീവമാക്കാനുള്ള ഒന്നാന്തരം ലോഞ്ചായിരുന്നു ഈ ബ്രഹ്മാണ്ഡ ചിത്രം .ഇനി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് ഭാവിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം .
മോഹന്‍ ലാല്‍ എന്ന വിസ്മയം ഇവിടെ തന്നെയുണ്ട് . ഇനിയും ലോകോത്തര സിനിമകള്‍ അദ്ദേഹവുമായ് ചേര്‍ന്നൊരുക്കുകയെന്നത് സാധ്യവുമാണ് . അത് സംഭവിയ്ക്കുക തന്നെ ചെയ്യും .തട്ടകങ്ങള്‍ മാറിമാറിവന്നാലും അരങ്ങ് നിറയ്ക്കാനുള്ള വിഭവങ്ങള്‍ ഇവിടെയുണ്ടാവും . മലയാള സിനിമയുടെ വിസ്തൃതിയും സ്വീകാര്യതയും കൂടുതല്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ എല്ലാ സിനിമാ പ്രേമികളും ഇനിയും ഒപ്പമുണ്ടാവണം .