'യുദ്ധത്തിനെന്ത് സമാധാനം'; കുറിപ്പുമായി നടി മീനാക്ഷി അനൂപ്
''ലോകത്ത് യുദ്ധം നിലയ്ക്കുന്ന ഒരുനാളാണ് സ്വപ്നം കാണുന്നത് "
Publish Date: Mon, 02 Mar 2026 (10:31 IST)
Updated Date: Mon, 02 Mar 2026 (10:40 IST)
ലോകത്ത് യുദ്ധം നിലയ്ക്കുന്ന ഒരുനാളാണ് സ്വപ്നം കാണുന്നത് എന്ന് നടി മീനാക്ഷി അനൂപ്. ഇന്നലെവരെ യുദ്ധമില്ലാതിരുന്ന ഇടങ്ങളിൽ പെട്ടെന്ന് യുദ്ധം തുടങ്ങുമ്പോൾ അതുവരെ കൂടെയുണ്ടായിരുന്നവർ പലതും ഇല്ലാതെയാവുന്നു. പലരുടേയും പ്രിയപ്പെട്ടവർ അതിൽ ഉൾപ്പെട്ടെന്നിരിക്കാമെന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു. യുദ്ധത്തിനെന്ത് സമാധാനം എന്ന തലക്കെട്ടോടെയാണ് നടി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
മീനാക്ഷിയുടെ വാക്കുകൾ
യുദ്ധത്തിനെന്ത് ...' സമാധാനം '
ശരിയാണ് വേറൊരു തരത്തിൽ, അങ്ങനെ മറ്റ് പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരിടത്തിരുന്ന് നങ്ങളിൽ പലരും... 'സമാധാന'ത്തോടെ യുദ്ധം ടി വി യിലും മറ്റ് സോഷ്യൽ മീഡിയയുമൊക്കെ കാണുകയാണ്. തരംപോലെ പക്ഷം ചേർന്ന് "അമേരിക്ക അല്ലേലും ഹീറോയാടാ" "ഇസ്രായെലെന്നാ മോശവാണോ " "ഇറാൻ നമ്മളു വിചാരിച്ച പോലല്ല ഒരു സമയം അഞ്ചു ഗൾഫ് രാജ്യങ്ങളിലൊരുമിച്ചാ മിസൈല്. ഗൾഫ് രാജ്യങ്ങൾക്ക് സുരക്ഷയ്ക്കാണ് അമേരിക്ക ആ രാജ്യങ്ങളിൽ സൈനിക കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. സത്യത്തിൽ അവർക്ക് അവരുടെ കേന്ദ്രങ്ങൾ പോലും സംരക്ഷിക്കാൻ പറ്റിയില്ല പിന്നാ... എന്നിങ്ങനെ പല അഭിപ്രായങ്ങളും കമൻറും ഒക്കെ പാസ്സാക്കാം. പക്ഷെ യുദ്ധങ്ങൾ മാനവരാശ്ശിക്ക് എത്രയോ ദോഷമാണ്. അഥവാ മനുഷ്യൻ്റെ ജീവിത പുരോഗതിക്ക് പ്രത്യേകിച്ച് ആ രാജ്യത്ത് മുടക്കേണ്ടതായ ഭീമമായ പണമാണ് യുദ്ധത്തിൽ തകർക്കപ്പെടുന്നത് എത്രയോ സങ്കടകരമായ കാര്യങ്ങളാണ്. മറ്റൊന്ന് ഇതിൽ വരാത്ത മറ്റു രാജ്യങ്ങൾക്കും നേരിട്ടല്ലാതെ ഇതിൻ്റെയൊക്കെ ദൂഷ്യവശങ്ങൾ വിലക്കയറ്റങ്ങളുടെ രൂപത്തിലോ ഒക്കെ വന്നു ചേരുക തന്നെ ചെയ്യുമെന്നതും മുന്നനുഭവങ്ങൾ തന്നെ.
കേരളത്തിൽ നിന്നു പോലും എത്രയോ ഫ്ലൈറ്റുകൾ റദ്ദാക്കപ്പെട്ടു. അതിൽ ബിസ്സിനസ്സിനായി പോകേണ്ടവർ, ബന്ധുക്കളുടെ അടുത്ത് ചെന്നു ചേരേണ്ടവർ, ഒക്കെയും എത്രയോ ബുദ്ധിമുട്ടുന്നുണ്ടാവാം. ഒരുപക്ഷെ നിങ്ങളുടെ ബന്ധുക്കൾ പോലും അതിലുൾപ്പെട്ടേക്കാം. ഇന്നലെ വരെ യുദ്ധമില്ലാതിരുന്ന ഇടങ്ങങ്ങളിൽ ഇന്ന് തുടങ്ങുമ്പോൾ ഇന്നലെയുണ്ടായുന്നവരിൽ ചിലർ ഇന്നവിടെയുണ്ടാവാനിടയില്ല. ഒരു കുടുംബത്തിലെ പ്രിയപ്പെട്ടൊരാൾ, ചിലയിടത്ത് അവർ താമസിച്ചിരുന്ന ഒരു കെട്ടിടമോ ഒരു ഏരിയയൊ ഒക്കെ ഒരു പക്ഷെ ഒരു നാടു തന്നെ ഇല്ലാതാക്കപ്പെട്ടേക്കാം. ലോകത്ത് യുദ്ധങ്ങൾ നിലയ്ക്കുന്ന ഒരു നാൾ സ്വപ്നം കാണുന്നൊരാൾ...