Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് മോഹന്‍ലാല്‍ ഫാന്‍സ് ചുറ്റിലും നിന്ന് കൂവി, ദുല്‍ഖര്‍ തല താഴ്ത്തി നടന്നു; പാന്‍ ഇന്ത്യന്‍ താരമായി മാറിയ ഡിക്യു അഥവാ ആരാധകരുടെ കുഞ്ഞിക്ക

ഇതിനെയെല്ലാം ചിരിച്ചുകൊണ്ടാണ് ദുല്‍ഖര്‍ അന്ന് നേരിട്ടത്. എന്നാല്‍, ഈ സംഭവങ്ങളെ കുറിച്ച് ദുല്‍ഖര്‍ പിന്നീട് മനസുതുറന്നിട്ടുണ്ട്

അന്ന് മോഹന്‍ലാല്‍ ഫാന്‍സ് ചുറ്റിലും നിന്ന് കൂവി, ദുല്‍ഖര്‍ തല താഴ്ത്തി നടന്നു; പാന്‍ ഇന്ത്യന്‍ താരമായി മാറിയ ഡിക്യു അഥവാ ആരാധകരുടെ കുഞ്ഞിക്ക
, വ്യാഴം, 28 ജൂലൈ 2022 (16:47 IST)
Happy Birthday Dulquer Salmaan: ശ്രീനാഥ് രാജേന്ദ്രന്‍ എന്ന സിനിമാ മോഹിയായ യുവാവ് അന്ന് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് നായകന്‍. ദുല്‍ഖറിന്റെ ആദ്യ സിനിമയാണ്. താരപുത്രനൊപ്പം അഭിനയിക്കുന്ന മിക്കവരും പുതുമുഖങ്ങള്‍. 'സെക്കന്റ് ഷോ' എന്നാണ് സിനിമയുടെ പേര്. 'മലയാള സിനിമ അടക്കിവാഴുന്ന മമ്മൂട്ടിയുടെ മകന് വിഖ്യാതരായ എത്രയെത്ര സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ച് അരങ്ങേറ്റം കുറിക്കാന്‍ അവസരമുണ്ട് ?' 'എന്നിട്ടും എന്തിനാണ് ഒരു പുതുമുഖ സംവിധായകനെ തിരഞ്ഞെടുത്തത് ?' മമ്മൂട്ടി ആരാധകര്‍ പോലും അക്കാലത്ത് സംശയിച്ചിരുന്നു. അതിനുള്ള മറുപടികള്‍ പില്‍ക്കാലത്ത് ദുല്‍ഖര്‍ തന്നെ നല്‍കിയിട്ടുണ്ട്. ആ മറുപടിയിലുണ്ട് ദുല്‍ഖറിന്റെ വരവും വളര്‍ച്ചയും പാന്‍ ഇന്ത്യന്‍ താരമെന്ന നിലയിലേക്കുള്ള പരിണാമവും. 
 
അതേ, ശ്രീനാഥ് രാജേന്ദ്രനൊപ്പം ദുല്‍ഖര്‍ വീണ്ടും കൈകോര്‍ത്തു. ഏതാണ്ട് പത്ത് വര്‍ഷത്തിനടുത്ത് ഇടവേളയ്ക്ക് ശേഷം. സെക്കന്റ് ഷോയില്‍ അഭിനയിക്കുമ്പോള്‍ ശ്രീനാഥിന് മുന്നില്‍ പേടിച്ചുവിറച്ചു നിന്നിരുന്ന ദുല്‍ഖറല്ല ഇന്ന്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ദുല്‍ഖര്‍ ഇന്ന് സൂപ്പര്‍ താരമാണ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിശ്ചലമായ സിനിമാ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രീനാഥ് രാജേന്ദ്രന്‍ - ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ പിറന്ന 'കുറുപ്പി'ന് സാധിച്ചു. സെക്കന്റ് ഷോയില്‍ നിന്ന് കുറുപ്പിലേക്കുള്ള ദൂരം ദുല്‍ഖര്‍ എന്ന താരത്തിന്റെ അഭിനേതാവിന്റെയും വളര്‍ച്ചയുടെ കാലമായി ചരിത്രത്തില്‍ അവശേഷിക്കും. 
 
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ദുല്‍ഖറിന്റെ ആദ്യ പൊതു പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. അന്ന് ദുല്‍ഖറിന്റെ ചുറ്റിലും നിന്നവര്‍ അദ്ദേഹത്തെ നോക്കി കൂവി വിളിക്കുന്നതും മോഹന്‍ലാലിന് 'ജയ്' വിളിക്കുന്നതും വീഡിയോയില്‍ കാണാം. മമ്മൂട്ടി ഫാന്‍സ് തിരിച്ച് മുദ്രാവാക്യങ്ങള്‍ വിളിച്ച് ദുല്‍ഖറിന് ചുറ്റിലും നിന്ന് അതിനെ പ്രതിരോധിക്കുന്നുണ്ട്. ഇതിനെയെല്ലാം ചിരിച്ചുകൊണ്ടാണ് ദുല്‍ഖര്‍ അന്ന് നേരിട്ടത്. എന്നാല്‍, ഈ സംഭവങ്ങളെ കുറിച്ച് ദുല്‍ഖര്‍ പിന്നീട് മനസുതുറന്നിട്ടുണ്ട്. 


'സെക്കന്റ് ഷോ ഷൂട്ടിങ് നടക്കുന്ന സമയം. ചുറ്റിലും കുറേ പേര്‍ ഉണ്ടായിരുന്നു. ഷൂട്ടിങ് കാണാന്‍ നില്‍ക്കുന്നവര്‍ വെറുതെ കളിയാക്കുമായിരുന്നു. എന്നെ വഴക്ക് പറയും. ഇതെല്ലാം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഇന്ന ആളുടെ മകനാണ്, ഇവനെ കൊണ്ടൊന്നും പറ്റില്ല എന്നൊക്കെ പറഞ്ഞ് ആളുകള്‍ എന്നെ കളിയാക്കുമായിരുന്നു. എനിക്ക് ടെന്‍ഷന്‍ വന്നു. ഞാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഭയപ്പെടുന്നതായി തോന്നിയ ശ്രീനാഥ് ഒരു സീന്‍ തന്നെ 37, 40 ടേക്കുകള്‍ എടുത്തു. ഞാന്‍ ആകെ വിയര്‍ത്തു കുളിച്ചു. അഭിനയം എന്നെക്കൊണ്ട് പറ്റില്ല, ഞാന്‍ മോശം നടനാണ് എന്നൊക്കെ എനിക്ക് അപ്പോള്‍ തോന്നി. പിന്നീട് ചോദിച്ചപ്പോള്‍ ആണ് എന്റെ പേടി മാറാനാണ് അങ്ങനെ ചെയ്തതെന്ന് ശ്രീനാഥ് പറഞ്ഞു. സെക്കന്റ് ഷോ റിലീസ് ചെയ്ത സമയത്ത് തിയറ്ററില്‍ സിനിമ കാണാന്‍ പോയ അനുഭവവും അത്ര നല്ലതല്ല. ഉസ്താദ് ഹോട്ടല്‍ ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു അത്. തിയറ്ററിലും ആള്‍ക്കാര്‍ വെറുതെ ഇരുന്ന് എന്നെ വഴക്ക് പറയുകയും നീ ആരുമായിട്ടില്ല എന്നൊക്കെ പറഞ്ഞ് കളിയാക്കുകയുമായിരുന്നു. അതൊന്നും ഒട്ടും നല്ല എക്സ്പീരിയന്‍സ് അല്ല,' ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ വീട്ടിലും ചെറിയ പ്രശ്നങ്ങളുണ്ടാവില്ലേ? ഡിവോഴ്സ് വാർത്തകളോട് പ്രതികരിച്ച് വീണാ നായർ