മലയാള സിനിമയിലെ ഏറ്റവും തിളക്കമുള്ള സൂപ്പര്‍ താരമെന്ന വിശേഷണമുണ്ടെങ്കിലും സമീപകാലത്തായി വിജയചിത്രങ്ങള്‍ തുടര്‍ച്ചയായി സമ്മാനിക്കാന്‍ മോഹന്‍ലാലിനായിട്ടില്ല. മമ്മൂട്ടി ഉള്‍പ്പെടുന്ന താരങ്ങള്‍ പുതിയ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും അവസരങ്ങള്‍ നല്‍കുമ്പോള്‍ മോഹന്‍ലാല്‍ പുതിയ സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നില്ല എന്ന വിമര്‍ശനം ശക്തമാണ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.
ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയ എഴുത്തുകാരും പുതുമുഖ സംവിധായകരും എന്തുകൊണ്ട് മോഹന്‍ലാലുമായി സീനിമ ചെയ്യുന്നില്ല, അവര്‍ക്ക് മോഹന്‍ലാല്‍ അപ്രാപ്യമാണോ എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്. കഴിവുള്ള ആളുകളുമായി സിനിമ ചെയ്യാന്‍ സന്തോഷം മാത്രമാണുള്ളതെന്നും എന്നാല്‍ മോഹന്‍ലാലിനെ മനസ്സില്‍ വെച്ചുള്ള കഥകളാണ് തന്റെ മുന്നിലെത്തുന്നതും അത്തരം കഥകളില്‍ തന്റെ മറ്റ് മുന്‍ സിനിമകളുടെ സ്വാധീനം ഉണ്ടാകുമെന്നും മോഹന്‍ലാല്‍ പറയുന്നു.
അത്തരം സംഭവങ്ങള്‍ ബ്രേക്ക് ചെയ്യുന്ന കഥകളുമായി ആരും വന്നിട്ടില്ല. അത്തരത്തില്‍ മുന്നില്‍ വന്ന സിനിമയാണ് ഇപ്പോള്‍ ചെയ്യുന്ന തരുണ്‍ മൂര്‍ത്തി സിനിമ. ആ സിനിമ ചെയ്യാന്‍ ഞങ്ങള്‍ 8 വര്‍ഷമെടുത്തു. ഇത്രയും കാലം കൊണ്ട് കഥയാകെ മാറിവന്നു. അതിപ്പോള്‍ ഒരു വ്യത്യസ്തമായ സിനിമയാണ്. മോഹന്‍ലാല്‍ എന്ന താരത്തിന് വേണ്ടിയുള്ള കഥകളാണ് അധികവും വരുന്നത്. അങ്ങനെ ചെയ്താല്‍ പല സിനിമകളുടെയും സ്വാധീനം അതിലുണ്ടാകും. എന്റെ അടുത്ത് വരാന്‍ അപ്രാപ്യമാണെന്നെല്ലാം ആളുകള്‍ പറയുന്നുണ്ടാകും. എന്നാല്‍ അങ്ങനെ ഒന്നുമില്ല. നമ്മളെ ആവേശം കൊള്ളിക്കുന്ന കഥകള്‍ വരേണ്ടെ. മോഹന്‍ലാല്‍ പറഞ്ഞു.