Drishyam 3: സഹദേവന്റെ റോൾ കഴിഞ്ഞു; ജോർജ്ജുകുട്ടിയുടെ പുതിയ വെല്ലുവിളികൾ എന്തൊക്കെ?
ദൃശ്യം 1 ൽ സഹദേവൻ എന്ന കഥാപാത്രമുണ്ടായിരുന്നു.
മലയാളികൾക്ക് വ്യത്യസ്തമായ ത്രില്ലർ അനുഭവം നൽകിയ സിനിമയാണ് ദൃശ്യം. മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം' സൂപ്പർഹിറ്റായി. രണ്ടാം ഭാഗത്തിനും വമ്പൻ സ്വീകാര്യത ലഭിച്ചു. രണ്ട് ഭാഗങ്ങളിലെയും ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ ഇടം നേടിയിരുന്നു. അതിലൊരു കഥാപാത്രമാണ് കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന പൊലീസ് ഓഫീസറുടെ വേഷം.
ദൃശ്യം 1 ൽ സഹദേവൻ എന്ന കഥാപാത്രമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ അവസാന ഭാഗമായ മൂന്നാം ഭാഗത്തിലും സഹദേവൻ ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ മൂന്നാം പതിപ്പിൽ തൻ്റെ കഥാപാത്രമുണ്ടാവില്ലായെന്ന് അറിയിച്ച് ഷാജോൺ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
'ദൃശ്യം 3 അനൗൺസ് ചെയ്തല്ലോ ?' എന്ന ചോദ്യത്തിന് ഷൂട്ടിങ് തുടങ്ങിയല്ലോ എന്നായിരുന്നു ഷാജോണിൻ്റെ മറുപടി. ഷാജോണും ചിത്രത്തിലുണ്ടാവില്ലേ എന്ന ചോദ്യത്തിന് താനില്ലായെന്നും ഉണ്ടായിരുന്നെങ്കിൽ ഇതിനോടകം തന്നെ സിനിമയിൽ നിന്ന് വിളി വന്നേനെയെന്നും ഷാജോൺ പറയുന്നു. എന്തായാലും സിനിമ ഗംഭീരമായിരിക്കുമെന്നും താനും സിനിമയ്ക്കായി വെയിറ്റിംഗാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
വാഗമൺ മേഖലകളിലും ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. തൊടുപുഴയിൽ 30 ദിവസത്തെ ഷെഡ്യൂൾ ആണ് നിലവിൽ ഉള്ളത്. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ.
ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.