Mohanlal: 'എത്ര കോടി രൂപ തന്നാലും ഇങ്ങനെയുള്ള സിനിമകൾ വേണ്ട': മോഹൻലാലിന് അമ്മ നൽകിയ ഉപദേശം
മോഹൻലാലിന്റെ പല കൾട്ട് ക്ലാസിക് സിനിമകളും അദ്ദേഹത്തിന്റെ അമ്മ കണ്ടിട്ടില്ല.
മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെ അദ്ദേഹത്തിന്റെ കരിയറിൽ ഏറെ പിന്തുണ നൽകിയവരാണ് അച്ഛൻ വിശ്വനാഥൻ നായരും, അമ്മ ശാന്തകുമാരിയും. മോഹൻലാലിന്റെ പല കൾട്ട് ക്ലാസിക് സിനിമകളും അദ്ദേഹത്തിന്റെ അമ്മ കണ്ടിട്ടില്ല. വർഷങ്ങൾക്ക് മുൻപ് ഒരു പ്രശസ്ത മലയാളം ടെലിവിഷൻ ചാനലിന് നൽകിയ അപൂർവ്വ അഭിമുഖത്തിൽ, തന്റെ പ്രിയപ്പെട്ട ലാലുവിനെ കുറിച്ച് ശാന്തകുമാരി അമ്മ മനസ്സ് തുറന്നിരുന്നു.
ആ അഭിമുഖത്തിൽ തന്റെ മകൻ അഭിനയിച്ച പല ക്ലാസിക് സിനിമകളും താൻ മനഃപൂർവം കാണാതെ വിട്ടിട്ടുണ്ടെന്നാണ് അദ്ധേഹത്തിന്റെ അമ്മ പറഞ്ഞത്. ചെറുപ്പം മുതൽ വലിയ കാലാവാസനകൾ ഉണ്ടായിരുന്ന മോഹൻലാലിന്, ഡാൻസും പാട്ടും എന്നും വലിയ ഇഷ്ടമായിരുന്നുവെന്ന് അമ്മ ഓർത്തെടുത്തു. ആരെ കണ്ടാലും അനുകരിക്കുന്ന സ്വഭാവവും കൊച്ചു ലാലുവിന് ഉണ്ടായിരുന്നുവെന്നാണ് ശാന്തകുമാരി അമ്മ പറഞ്ഞത്.
എന്നാൽ മകനെ ഏറെ സ്നേഹിക്കുന്നത് കൊണ്ട് തന്നെ, മോഹൻലാലിന്റെ പല ക്ലാസിക് ചിത്രങ്ങളും ആ അമ്മ കണ്ടിട്ടില്ല. തന്റെ മകൻ അഭിനയിക്കുമ്പോഴാണെങ്കിൽ പോലും, കരയുന്നതോ, തല്ലു കൊള്ളുന്നതോ, മരിക്കുന്നതോ, കാണാൻ വയ്യാത്തത് കൊണ്ടായിരുന്നു അത്.
'താളവട്ടം, കീരീടം, ചെങ്കോൽ ഒന്നും ഞാൻ കണ്ടിട്ടേയില്ല. അന്നൊക്കെ ഞാൻ പറയും "എത്ര കോടി രൂപ തന്നാലും വേണ്ട... ഇങ്ങനെയുള്ള സിനിമകൾ വേണ്ട," എന്ന്. ഇപ്പോഴും അടി പടമൊന്നും ഞാൻ കാണുകയില്ല," ഏറെ സ്നേഹത്തോടെ ശാന്തകുമാരി അമ്മ പറഞ്ഞു നിർത്തി.