Mohanlal: വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമ, തിയേറ്ററിൽ പരാജയപ്പെട്ടു; കാരണം പറഞ്ഞ് നിർമാതാവ്
അക്കാലത്തെ ബിഗ് ബജറ്റ് ചിത്രമായിരുന്നു കനൽ
മോഹൻലാലിനെ നായകനാക്കി പത്മകുമാർ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് കനൽ. ഷീലു എബ്രഹാം ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്. സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമ ബോക്സ് ഓഫീസിൽ വിജയിച്ചിരുന്നില്ല. ചിത്രം പരാജയപ്പെടാൻ കാരണം പ്രേക്ഷകരെ തൃപ്തിപ്പെടുത്താത്ത ക്ലൈമാക്സാണെന്ന് ഷീലു എബ്രഹാം പറയുന്നു.
അക്കാലത്തെ ബിഗ് ബജറ്റ് ചിത്രമായിരുന്നു കനൽ എന്നും സിനിമയിൽ മോഹൻലാൽ എന്ന നടനെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ലെന്നും ഷീലു കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഷീ ടാക്സി എന്ന ചിത്രം സാമ്പത്തികമായി പരാജയപ്പെട്ട് നിൽക്കുന്ന സമയത്താണ് 'കനൽ' സിനിമ ചെയ്യാൻ അവസരം വരുന്നത്. മോഹൻലാൽ ആണ് അതിൽ നായകൻ. അപ്പോൾ വേറെ ഒന്നും ചിന്തിച്ചില്ല. സിനിമയുടെ മുടക്കുമുതൽ തിരിച്ചു കിട്ടും, തിയേറ്ററിൽ ചിത്രം നന്നായി ഓടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അത് അത്യാവശ്യം ബജറ്റ് കൂടിയ പടമാണ്. അഞ്ചര കോടിയോളം സിനിമയ്ക്ക് അന്ന് ആയിട്ടുണ്ട്.
ആ സിനിമ ചെയ്‌താൽ അത്യാവശ്യം പൈസ തിരിച്ച് വരും എന്ന ചിന്ത ഉണ്ടായിരുന്നു. നല്ല ഓഫർ ആയിരുന്നു, മോഹൻലാൽ എന്ന നടനെ വെച്ചൊരു സിനിമ ചെയ്യുന്നത്. സാറ്റ്ലെെറ്റ് റൈറ്റ്സ് ഉണ്ട്. അബാം മൂവി എന്നൊരു ബാനർ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ. അപ്പോൾ നല്ല സിനിമകൾ നിർമിക്കണം. പൈസ പോകുന്നതിന് അനുസരിച്ച് നമ്മൾ ആ ബാനറിന്റെ പേര് കൂടെ നിലനിർത്തണമല്ലോ. ഷീ ടാക്സി ചെയ്തതോടു കൂടി ആളുകൾ നമ്മുടെ ബാനറിനെ അറിഞ്ഞു തുടങ്ങിയിരുന്നു.
കനൽ എന്ന സിനിമ ഞങ്ങൾക്ക് ലോസ് അല്ലായിരുന്നു ബ്രേക്ക് ഇവൻ ആയിരുന്നു. തിയേറ്ററിൽ സിനിമ വലിയ ഓളം ഒന്നും സൃഷ്ടിച്ചില്ല. മോഹൻലാൽ ആയതു കൊണ്ടുള്ള മെച്ചം ഉണ്ടായിരുന്നു. ആ സിനിമയുടെ കഥയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ജനങ്ങൾക്ക് സ്വീകരിക്കാൻ കഴിയാത്ത ക്ലൈമാക്സ്, അതുപോലെ മോഹൻലാൽ എന്ന നടനെ വേണ്ട വിധത്തിൽ ഉപയോഗിച്ചോ എന്ന് ചോദിച്ചാൽ ഇല്ല. അതിന്റേതായ എല്ലാ പ്രശ്നങ്ങളും ആ സിനിമയ്ക്ക് ഉണ്ടായതായി പ്രേക്ഷകർ പറഞ്ഞിരുന്നു,' ഷീലു എബ്രഹാം പറഞ്ഞു.