ഇതൊരു സിനിമയുടെ പരസ്യമല്ലേ, അങ്ങനെ കണ്ടാല്‍ മതി; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ വിവാദ പരസ്യത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ആര്‍ക്കും നടത്താമെന്നും മന്ത്രി പറഞ്ഞു
കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്' വിവാദ പോസ്റ്ററില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഇത് വെറും സിനിമ പരസ്യം മാത്രം ആണെന്നും ആ നിലയ്ക്ക് കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ആര്‍ക്കും നടത്താമെന്നും മന്ത്രി പറഞ്ഞു.
'ഇതിപ്പോ ഒരു സിനിമയല്ലേ..സിനിമയുടെ പരസ്യമല്ലേ..നമ്മളതിനെ ആ നിലയ്ക്ക് കണ്ടാല്‍ മതി. വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അത് ഏത് നിലയില്‍ വന്നാലും സ്വീകരിക്കും. അത് ഞാന്‍ തുടക്കത്തിലേ പറഞ്ഞു. അത് വ്യക്തിക്ക് നടത്താം, സംഘടനകള്‍ക്ക് നടത്താം, ഭരണകക്ഷി-പ്രതിപക്ഷ കക്ഷി എന്നിവയില്‍ ഒന്നുമില്ലാത്ത ജനങ്ങള്‍ക്ക് നടത്താം, ഇതുപോലെയുള്ള അവതരണങ്ങള്‍ക്ക് നടത്താം, ആര്‍ക്കും നടത്താം. ഇതൊക്കെ നാടിന്റെ നല്ലതിനു വേണ്ടിയാണെങ്കില്‍ പോസിറ്റീവ് ആയി എടുക്കും. ക്രിയാത്മകമായുള്ള കാര്യങ്ങളെ നമുക്ക് പോസിറ്റിവായി എടുക്കാം,' മുഹമ്മദ് റിയാസ് പറഞ്ഞു.