തമിഴ്‌നാട്ടില്‍ നടന്‍ പൃഥ്വിരാജിനെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണ്. സോഷ്യല്‍ മീഡിയയിലും പൃഥ്വിരാജിനെതിരെ ക്യാംപയ്ന്‍ നടക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് നടത്തിയ പരാമര്‍ശമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്നും ഡാം പൊളിച്ചു പണിയണമെന്നുമാണ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. തേനി ജില്ലാ കലക്ട്രേറ്റിനു മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സുപ്രീം കോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണ് പൃഥ്വി നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയെന്ന് സംഘടന ജില്ല സെക്രട്ടറി എസ്. ആര്‍ ചക്രവര്‍ത്തി അറിയിച്ചു.
പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുതെന്നും ഇക്കാര്യത്തിൽ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് എടുക്കണമെന്നും തമിഴക വാഴ്വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകനും ആവശ്യപ്പെട്ടു.