Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജ് ഡയലോഗ് പറഞ്ഞു തുടങ്ങുമ്പോഴേക്കും കൂവും, പിന്നില്‍ ദിലീപോ? അന്നത്തെ തിയറ്റര്‍ അനുഭവത്തെ കുറിച്ച് തിലകന്‍ പറഞ്ഞത്

പൃഥ്വിരാജ് ഡയലോഗ് പറഞ്ഞു തുടങ്ങുമ്പോഴേക്കും കൂവും, പിന്നില്‍ ദിലീപോ? അന്നത്തെ തിയറ്റര്‍ അനുഭവത്തെ കുറിച്ച് തിലകന്‍ പറഞ്ഞത്
, ശനി, 16 ഒക്‌ടോബര്‍ 2021 (09:59 IST)
ഇന്ന് 39-ാം ജന്മദിനം ആഘോഷിക്കുകയാണ് മലയാളികളുടെ സൂപ്പര്‍താരം പൃഥ്വിരാജ് സുകുമാരന്‍. കരിയറിന്റെ തുടക്കകാലത്ത് പല വിവാദങ്ങളും പൃഥ്വിരാജിന്റെ പേരിനോട് ചേര്‍ത്തു കേട്ടിരുന്നു. അതിലൊന്നാണ് പൃഥ്വിരാജ്-ദിലീപ് പോര്. പൃഥ്വിരാജ് സിനിമകളെ തിയറ്ററില്‍ കൂവി തോല്‍പ്പിക്കാന്‍ ദിലീപ് ആളെ ഇറക്കിയിരുന്നെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. അക്കാലത്ത് നടന്‍ തിലകന്‍ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായി. 
 
'താന്‍ ഒരിക്കല്‍ പൃഥ്വിരാജിന്റെ സിനിമ കാണാന്‍ തിയറ്ററില്‍ പോയി. സിനിമയില്‍ പൃഥ്വിരാജ് ഡയലോഗ് പറയാന്‍ തുടങ്ങുമ്പോഴേക്കും കുറേ ആളുകള്‍ കൂവാന്‍ തുടങ്ങി. ഡയലോഗ് പറഞ്ഞു കഴിഞ്ഞിട്ടാണ് കൂവുന്നതെങ്കില്‍ അത് ശരി. ഇത് ഡയലോഗ് പറയുന്നതിനു മുന്‍പാണ്. ഡയലോഗ് പറയുന്നതിനു മുന്‍പാണ് കൂവുന്നതെങ്കില്‍ 'നീ ഇവിടെ ഒന്നും പറയണ്ടടാ..' എന്നാണ്,' തിലകന്‍ പറഞ്ഞു. പൃഥ്വിരാജ് സിനിമകളെ തകര്‍ക്കാന്‍ ദിലീപ് ഫാന്‍സ് അറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ചെയ്തിരുന്നതെന്നാണ് തിലകന്‍ അടക്കം അന്ന് പരോക്ഷമായി പറഞ്ഞുവച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിപെ പൃഥ്വിരാജ് സ്വീകരിച്ച ശക്തമായ നിലപാടും ഇതിന്റെ ശേഷിപ്പായിരുന്നു. 

Happy Birthday Prithviraj 

സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ 39-ാം ജന്മദിനമാണ് ഇന്ന്. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച പൃഥ്വിരാജിന് സിനിമാലോകം ഒന്നടങ്കം ജന്മദിനാശംസകള്‍ നേരുകയാണ്. 1982 ഒക്ടോബര്‍ 16 നാണ് അഭിനേതാക്കളായ സുകുമാരന്‍, മല്ലിക എന്നിവരുടെ രണ്ടാമത്തെ മകനായി പൃഥ്വിരാജ് ജനിച്ചത്. നടന്‍ ഇന്ദ്രജിത്താണ് പൃഥ്വിരാജിന്റെ സഹോദരന്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി സിനിമകളിലും പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. 
 
രാജസേനന്‍ സംവിധാനം ചെയ്ത 'നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി' എന്ന സിനിമയിലാണ് പൃഥ്വിരാജ് ആദ്യമായി അഭിനയിച്ചത്. എന്നാല്‍, തിയറ്ററില്‍ ആദ്യമെത്തിയും സിനിമ കരിയറില്‍ ശ്രദ്ധിക്കപ്പെട്ടതും രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ്. ചുരുക്കം ചില സിനിമകള്‍കൊണ്ട് തന്നെ പൃഥ്വിരാജ് മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വെള്ളിത്തിര, സ്വപ്‌നക്കൂട്, ചക്രം, സത്യം, അത്ഭുതദ്വീപ്, അനന്തഭദ്രം, ക്ലാസ്‌മേറ്റ്‌സ്, വാസ്തവം, ചോക്ലേറ്റ്, തലപ്പാവ്, തിരക്കഥ, താന്തോന്നി, പോക്കിരിരാജ, അന്‍വര്‍, മേക്കപ്പ്മാന്‍, മാണിക്യക്കല്ല്, ഇന്ത്യന്‍ റുപ്പി, ബാച്ച്‌ലര്‍ പാര്‍ട്ടി, അയാളും ഞാനും തമ്മില്‍, സെല്ലുല്ലോയ്ഡ്, മുംബൈ പൊലീസ്, മെമ്മറീസ്, സെവന്‍ത് ഡെ, എന്ന് നിന്റെ മൊയ്തീന്‍, അനാര്‍ക്കലി, എസ്ര, കൂടെ, ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും തുടങ്ങിയവയാണ് പൃഥ്വിരാജിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. 
 
2006 ലും 2013 ലും പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. വാസ്തവം, അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ് എന്നീ സിനിമകളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പൃഥ്വിരാജിന്റെ പ്രായം എത്ര?