'ശോഭിതയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല': നാഗ ചൈതന്യ
വളരെ ലളിതമായി നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു നടൻ നാഗ ചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തത്. നാഗ ചൈതന്യയുടെ മുത്തശ്ശനും നടനുമായ അക്കിനേനി നാഗേശ്വര റാവു സ്ഥാപിച്ച കുടുംബ സ്ഥാപനമായ അന്നപൂർണ സ്റ്റുഡിയോസിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വളരെ ലളിതമായി നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ശോഭിതയുമായുള്ള തന്റെ പ്രണയം ആരംഭിച്ചതിനെ കുറിച്ച് നാഗ ചൈതന്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജഗപതി ബാബുവിന്റെ ടോക്ക് ഷോയായ 'ജയമ്മു നിശ്ചയമ്മു രാ'യിൽ അതിഥിയായി എത്തിയപ്പോഴാണ് നാഗ ചൈതന്യ തൻ്റെ പ്രണയകഥ വെളിപ്പെടുത്തിയത്.
ശോഭിതയെ താൻ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയാണെന്ന് നാഗചൈതന്യ പറഞ്ഞു. "ഞങ്ങൾ ഇൻസ്റ്റഗ്രാമിലാണ് കണ്ടുമുട്ടിയത്. എൻ്റെ പങ്കാളിയെ അവിടെ വെച്ച് കണ്ടുമുട്ടുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. എനിക്ക് അവളുടെ വർക്കുകളെക്കുറിച്ച് അറിയാമായിരുന്നു. ഒരു ദിവസം, എൻ്റെ ക്ലൗഡ് കിച്ചണായ 'ഷോയു'വിനെക്കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടപ്പോൾ, അവൾ ഒരു ഇമോജി കമൻ്റ് ചെയ്തു. ഞാൻ അവളുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. അതിനുശേഷം ഞങ്ങൾ കണ്ടുമുട്ടി', നാഗ ചൈതന്യ പറഞ്ഞു.
ഷോയിലെ റാപ്പിഡ് ഫയർ റൗണ്ടിൽ, ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യം പറയാൻ ജഗപതി ബാബു ആവശ്യപ്പെട്ടപ്പോൾ "ശോഭിത, എൻ്റെ ഭാര്യ!" എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി. അതേസമയം വിവാഹത്തിന് ശേഷം വൻ തോതിലുള്ള സൈബർ ആക്രമണവും ദമ്പതികൾ നേരിട്ടിരുന്നു.
ശോഭിതയെ വിവാഹം കഴിക്കുന്നതിന് മുൻപ് സാമന്തയെ ആണ് നാഗ ചൈതന്യ വിവാഹം കഴിച്ചത്. 2021ലാണ് ഇരുവരും വേർപിരിയുന്നത്. തണ്ടേൽ ആണ് നാഗ ചൈതന്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും ചിത്രം പരാജയമായി മാറിയിരുന്നു.