നാഗചൈതന്യയും സാമന്തയും വിവാഹിതരാകും; എന്നു വിവാഹിതരാകുമെന്ന് നാഗാര്‍ജുന പറയും
നാഗചൈതന്യയുടെ വിവാഹത്തിയതി പിതാവ് നാഗാര്‍ജുന അറിയിക്കും
തെലുങ്ക് ചലച്ചിത്രതാരവും സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകനുമായ നാഗചൈതന്യ അടുത്തവര്‍ഷം വിവാഹിതനാകുന്നു. നാഗചൈതന്യ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍, ഇതു സംബന്ധിച്ച അന്തിമതീരുമാനങ്ങള്‍ തന്റെ പിതാവ് നാഗാര്‍ജുന തന്നെ മാധ്യമങ്ങളെ അറിയിക്കുന്നതായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
സാമന്തയും നാഗചൈതന്യയുമായി പ്രണയത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചൈതന്യയും സാമന്തയും തമ്മില്‍ അടുപ്പത്തിലാണ്. വിവാഹത്തെപ്പറ്റി തീരുമാനമെടുക്കാന്‍ നാഗാര്‍ജുന ഇരുവരോടും പറഞ്ഞിട്ടുണ്ട്. താമസിയാതെ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ചൈതന്യയുടെ സഹോദരന്‍ അഖില്‍ അക്കിനേയിയുടെ വിവാഹനിശ്ചയം ഈ ഡിസംബറില്‍ നടക്കാനിരിക്കുകയാണ്. ഡിസൈനര്‍ ശ്രിയ ഭുപയുമായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അഖിലും ശ്രിയയും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.