Publish Date: Sun, 17 Nov 2024 (08:27 IST)
Updated Date: Sun, 17 Nov 2024 (08:31 IST)
വിവാഹ ഡോക്യുമെന്ററിയെ സംബന്ധിച്ച പുതിയ വിവാദത്തില്‍ നടി നയന്‍താരയ്ക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍. നടി പാര്‍വതി തിരുവോത്താണ് നയന്‍താരയ്ക്ക് ആദ്യം പിന്തുണ പ്രഖ്യാപിച്ച താരങ്ങളില്‍ ഒരാള്‍. ഭരത് ബാല സംവിധാനം ചെയ്ത തമിഴ് സിനിമയായ മരിയാനില്‍ ധനുഷും പാര്‍വതിയും ഒന്നിച്ചഭിനയിച്ചിരുന്നു. കൊടി എന്ന സിനിമയില്‍ ധനുഷിനൊപ്പം അഭിനയിച്ച മലയാളി താരമായ അനുപമ പരമേശ്വരനും നയന്‍താരയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
നസ്‌റിയ നസീം, ഐശ്വര്യ ലക്ഷ്മി,ശ്രുതി ഹാസന്‍, ഗൗരി ജി കിഷന്‍ എന്നിവരും നയന്‍താര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ഇവരെല്ലാം തന്നെ ധനുഷിനൊപ്പം പ്രധാനവേഷങ്ങള്‍ ചെയ്തവരാണ്. ബോളിവുഡ് താരങ്ങളായ ഏകത കപൂര്‍,ദിയ മിര്‍സ, ശില്പ റാവു,ഉര്‍ഫി ജാവേദ് എന്നിവരും നയന്‍താരയുടെ പോസ്റ്റ് ലൈക്ക് ചെയ്തു.
നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു. ഈ സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു വിഘ്‌നേശ് ശിവനും നയന്‍താരയും തമ്മില്‍ പ്രണയത്തിലാകുന്നത്. നയന്‍താരയുടെ വിവാഹത്തിനോട് അനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് ചെയ്യുന്ന ഡോക്യുമെന്ററിയില്‍ സിനിമയുടെ ബിഹൈന്‍ഡ് ദ സീന്‍ ദൃശ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. ഏതാനും സെക്കന്‍ഡുകള്‍ മാത്രമുള്ള ഈ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവാഹം കഴിഞ്ഞ് 2 വര്‍ഷങ്ങള്‍ കഴിഞ്ഞും ഇരുവരുടെയും വിവാഹഡോക്യുമെന്ററി പുറത്ത് വരാതിരുന്നത്. ഇതിനെ സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് നയന്‍താര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
അഭിറാം മനോഹർ
Publish Date: Sun, 17 Nov 2024 (08:27 IST)
Updated Date: Sun, 17 Nov 2024 (08:31 IST)