നാടക, സിനിമാ രംഗത്ത് അഭിനേതാവ് മാത്രമല്ലായിരുന്നു നെടുമുടി വേണു. തിരക്കഥാകൃത്ത്, സംവിധായകന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം നെടുമുടി വേണു ശ്രദ്ധിക്കപ്പെട്ടിരുന്നു. 'പാച്ചി' എന്ന അപരനാമത്തിലാണ് നെടുമുടി വേണു സിനിമകള്‍ക്ക് തിരക്കഥ രചിച്ചിരുന്നത്. കാറ്റത്തെ കിളിക്കൂട്, തീര്‍ത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ, ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങിയവയാണ് അദ്ദേഹം തിരക്കഥകളൊരുക്കിയ ചിത്രങ്ങള്‍. കൂടാതെ 'പൂരം' എന്ന ചലച്ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. കമലഹാസന്‍ നായകനായി അഭിനയിച്ച ഇന്ത്യന്‍, വിക്രം നായകനായി അഭിനയിച്ച അന്ന്യന്‍ എന്നീ തമിഴ് ചലച്ചിത്രങ്ങളിലും നെടുമുടി വേണു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഉദരസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമായി 500 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച നെടുമുടി വേണുവിന് 73 വയസ്സായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.