Nishad Koya,Malayali From India,Dijo Jose,Listin Stephen
മലയാളി ഫ്രം ഇന്ത്യയുടെ സ്‌ക്രിപ്റ്റ് വിവാദത്തില്‍ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചെയ്ത കുറിപ്പാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. നാളെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ കഥ പ്രവചിച്ചാലോ എന്ന് തുടങ്ങികൊണ്ടുള്ള പോസ്റ്റില്‍ റിലീസ് ചെയ്യാനിരുന്ന മലയാളി ഫ്രം ഇന്ത്യയുമായി സാമ്യമുള്ള കഥയാണ് പോസ്റ്റ് ചെയ്തിരുന്നത്.
സിനിമയ്ക്ക് തിയേറ്ററുകളില്‍ നിന്നും സമ്മിശ്രമായ പ്രതികരണമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ സിനിമയുടെ റിലീസിന് ശേഷം നിഷാദ് കോയ ചെയ്ത പ്രവര്‍ത്തിയ് തരം താണതായിരുന്നു എന്ന തരത്തില്‍ സിനിമയുടെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രതികരിച്ചിരുന്നു. ഇത്തരത്തില്‍ ഒരു പരാതിയുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് കേസുമായി മുന്നോട്ട് പോയില്ലെന്നും നിര്‍മാതാവിനെയോ സംവിധായകനെയോ ബന്ധപ്പെട്ടില്ലെന്നും ലിസ്റ്റിന്‍ ചോദിച്ചിരുന്നു. ഇപ്പോഴിതാ ലിസ്റ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നിഷാദ് കോയ.
ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഷാദ് ലിസ്റ്റിന്റെയും ഡിജോയുടെയും വാദങ്ങളോട് പ്രതികരിച്ചത്. 2021ല്‍ എഴുതിയ ഇന്‍ഡോ- പാക് എന്ന കഥ ജയസൂര്യയുമായി ചേര്‍ന്ന് ചെയ്യാനിരുന്ന സിനിമയാണ്. സംവിധായകന്‍ ജോഷിയാണ് സിനിമ ചെയ്യേണ്ടിയിരുന്നത്. വലിയ ബജറ്റ് വേണ്ടുന്ന സിനിമയായതിനാല്‍ പ്രൊജക്ട് അധികം മുന്നോട്ട് പോയില്ല. ഒരു പരസ്യചിത്രീകരണത്തിനിടയില്‍ ജയസൂര്യയില്‍ നിന്നാണ് ഡിജോ സിനിമയുടെ കഥ കേള്‍ക്കുന്നത്. ഡിജോയ്ക്ക് സിനിമ ചെയ്യാന്‍ താത്പര്യമുള്ളതായി ജയസൂര്യ പറഞ്ഞ് ഡിജോയെ കോണ്ടാക്ട് ചെയ്തിരുന്നു. എന്നാല്‍ തിരക്കാണെന്ന് പറഞ്ഞ് ഡിജോ ഒഴിയുകയാണ് ചെയ്തത്.
പിന്നീട് പൃഥ്വിരാജിനെ നായകനാക്കികൊണ്ട് സിനിമ ചെയ്യാനായി കഥ അദ്ദേഹത്തിനോട് പറഞ്ഞു. ഇതിനെല്ലാം ശേഷം സലാര്‍ ഷൂട്ടിന്റെ സമയത്താണ് പൃഥ്വിരാജ് വിളിച്ച് ഡിജോ ചെയ്യുന്ന നിവിന്‍ പോളി സിനിമയ്ക്ക് ഈ കഥയുമായി സാമ്യമുള്ളതായി പറയുന്നത്. ഇക്കാര്യം ഡിജോയെ വിളിച്ച് ചോദിച്ചപ്പോള്‍ പാകിസ്ഥാനി സിനിമയിലുണ്ട് അല്ലാതെ മറ്റ് സാമ്യങ്ങളില്ലെന്നും ഒരു കോമഡി സിനിമയാണ് ചെയ്യുന്നതെന്നും ഡിജോ പറയുന്നത്. സിനിമയുടെ റിലീസിന് മുന്‍പ് വരെ ഒരു കോമഡി സിനിമ എന്ന തരത്തിലുള്ള പ്രമോഷനാണ് ഉണ്ടായിരുന്നത് എന്നതിനാല്‍ ഞാനും സംഗതി വിട്ടു.
എന്നാല്‍ സിനിമയുടെ റിലീസിന് 2-3 ദിവസം മുന്‍പ് വന്ന ട്രെയ്ലര്‍ കണ്ടതോടെയാണ് ഇത് എന്റെ തന്നെ കഥയല്ലെ എന്ന സംശയം തോന്നുന്നത്. ആ സമയം ദുബായില്‍ ആയതിനാല്‍ പരാതി നല്‍കാന്‍ കഴിഞ്ഞില്ല. ലിസ്റ്റിനോട് ഇതിനെ പറ്റി ചോദിച്ചപ്പോള്‍ പരാതിപ്പെടാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ ഒന്നും ചെയ്യാനാവാത്ത ഘട്ടത്തിലായിരുന്നു ആ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫെഫ്കയിലെ ചില ആളുകളും ചില സീനിയര്‍ ഡയറക്ടര്‍മാരും വിളിച്ചതുകൊണ്ടാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്. അല്ലാതെ ലിസ്റ്റിന്‍ പറയുന്നത് പോലെ തെറ്റുണ്ടെന്ന് തോന്നിയിട്ടല്ല.
സിനിമയുടെ പ്രമോഷനും മറ്റുള്ള കാര്യങ്ങളും നിങ്ങള്‍ക്ക് നോക്കാം. ലിസ്റ്റിന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ട്രെയ്ലറും മറ്റ് പ്രമോഷനും നടത്താന്‍ ഡിജോയ്ക്ക് താത്പര്യമില്ലായിരുന്നു. ലിസ്റ്റിന്‍ പറഞ്ഞത് കൊണ്ടാണ് പ്രമോഷന്‍ ചെയ്യുന്നതെന്ന്. ഏതെങ്കിലും ഒരു സിനിമയ്ക്ക് നിങ്ങള്‍ കേട്ടിട്ടുള്ള കാര്യമാണോ ഇത്. ഡിജോയുടെ സിനിമയില്‍ പറയുന്ന പോലെ സ്വന്തമായി കഥയെഴുതി സിനിമയാക്കാന്‍ പറ്റില്ലെങ്കില്‍ സിനിമയെ കൂട്ടിക്കൊടുക്കരുത്. നിഷാദ് കോയ പറഞ്ഞു.