മലയാളത്തിലെ എക്കാലത്തേയും ബ്രഹ്മാണ്ഡ സിനിമകളില്‍ മുന്‍പന്തിയിലുള്ള ചിത്രമാണ് കേരള വര്‍മ്മ പഴശ്ശിരാജ. എം.ടി.വാസുദേവന്‍ നായരുടെ രചനയില്‍ ടി.ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജ തിയറ്ററുകളിലെത്തിയത് 2009 ലാണ്. മമ്മൂട്ടിയാണ് ചിത്രത്തില്‍ പഴശ്ശിരാജയായി അഭിനയിച്ചത്. ശരത് കുമാര്‍, മനാജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, കനിഹ, പദ്മപ്രിയ, തിലകന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് മമ്മൂട്ടിക്കൊപ്പം ഈ ചരിത്ര സിനിമയില്‍ അണിനിരന്നത്.
യഥാര്‍ഥത്തില്‍ പഴശ്ശിരാജയായിരുന്നില്ല മമ്മൂട്ടി. പകരം തലക്കല്‍ ചന്തുവായിരുന്നു. പഴശ്ശിരാജയില്‍ മനോജ് കെ.ജയനാണ് തലക്കല്‍ ചന്തുവിനെ അവതരിപ്പിച്ചത്. താനായിരുന്നു തലക്കല്‍ ചന്തുവെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തന്നെയാണ് വെളിപ്പെടുത്തിയത്. ആ രഹസ്യം ഇങ്ങനെ:
'എം.ടി.വാസുദേവന്‍ നായരും ഹരിഹരനും ചേര്‍ന്ന് തലക്കല്‍ ചന്തു എന്ന സിനിമ ചെയ്യാനാണ് ആലോചിച്ചത്. തലക്കല്‍ ചന്തുവിന്റെ ജീവിതം പ്രമേയമാക്കാമെന്നായിരുന്നു തീരുമാനം. അങ്ങനെ തലക്കല്‍ ചന്തുവായി എന്നെ തീരുമാനിച്ചു. തലക്കല്‍ ചന്തുവിന്റെ ജീവിതം പറയുമ്പോള്‍ അതില്‍ ഉറപ്പായും പഴശ്ശിരാജയും എടച്ചേന കുങ്കനും വേണമല്ലോ. അപ്പോള്‍ ആര് പഴശ്ശിരാജയുടെ വേഷം ചെയ്യുമെന്ന് ചോദ്യമുണ്ടായി. അങ്ങനെയാണ് തലക്കല്‍ ചന്തുവിന് പകരം സിനിമ പഴശ്ശിരാജയെ കുറിച്ചുള്ളത് ആയാലോ എന്ന് എം.ടിയും ഹരിഹരനും ആലോചിക്കുന്നത്. അങ്ങനെയാണ് തലക്കല്‍ ചന്തു എന്ന സിനിമ കേരള വര്‍മ്മ പഴശ്ശിരാജയാകുന്നത്. പഴശ്ശിരാജയായി ഞാന്‍ അഭിനയിച്ചു. തലക്കല്‍ ചന്തുവായി മനോജ് കെ.ജയനും. ഞാന്‍ തലക്കല്‍ ചന്തുവിനെ അവതരിപ്പിക്കുന്നതിനേക്കാള്‍ നന്നായി മനോജ് കെ.ജയന്‍ ആ കഥാപാത്രം ചെയ്തിട്ടുണ്ട്,' മമ്മൂട്ടി പറഞ്ഞു.