മരടിൽ അനധികൃതമായി ഫ്ലാറ്റുകൾ പണിയാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും നേതാക്കളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംവിധായകൻ പ്രിയദർശൻ. മരട് ഫ്ലാറ്റ് പൊളിക്കൽ താൻ സിനിമയാക്കിയാൽ ക്ലൈമാക്സ് എങ്ങനെയായിരികും എന്ന വിവരിച്ചുകൊണ്ടാണ് പ്രിയദർശന്റെ പ്രതികരണം. മരടിലെ ഫ്ലറ്റ് പൊളിക്കാൽ സിനിമയായാൽ എന്റെ ക്ലൈമാക്സ് ഇങ്ങനെയായിരിക്കില്ല. അതിൽ ചെറിയ ഒരു വ്യത്യാസം വരുമായിരുന്നു.
ഫ്ലാറ്റുകൾ നിർമ്മിക്കാൻ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിന് കൂട്ടുനിന്ന നേതാക്കളെയും, അതേ ഫ്ലാറ്റിൽ കെട്ടിയിട്ട ശേഷം ഫ്ലാറ്റ് തകർക്കുന്നു. ഞാൻ സംവിധാനം ചെയ്ത മിഥുനത്തിൽ ഒരു സീൻ ഉണ്ട്. എല്ലാത്തിനും എതിര് നിൽക്കുന്ന സാമൂഹ്യ ദ്രോഹികളായ ഉദ്യോഗസ്ഥരെ തന്റെ കമ്പനിയിൽ കെട്ടിയിട്ട് തീ കൊളുത്തുമെന്ന് മോഹൻലാൽ പറയുന്ന സീൻ മരടിനെ കുറിച്ച് പറഞ്ഞത് അതിന്റെ മറ്റൊരു പതിപ്പാണ്. എല്ലാ രേഖകളും പരിശോധിച്ച് ബാങ്കുകളും നഗരസഭയും അനുമതി നൽകിയ ഫ്ലാറ്റുകളാണ് താമസക്കാർ വാങ്ങിയത്. അല്ലാതെ അവർ അനധികൃതമായി രേഖകൾ ചമച്ചതല്ല.
നിർമാതാക്കളും, ഉദ്യോഗസ്ഥരും നൽകിയത് വ്യാജ രേഖയാണെന്ന് എവിടെ നോക്കിയാലാണ് അവർക്ക് മനസിലാക്കാൻ കഴിയുക. സ്വന്തം നാട്ടിൽ ഉയരുന്നത് നിയമവിരുദ്ധമായ കെട്ടിടമാണെന്ന് അറിയാത്ത എംഎൽഎമാരും വാർഡ് മെമ്പർ മാരും ഉണ്ടാകുമോ. ഉയരുന്നത് കാണുമ്പോഴെങ്കിലും അവർ നോക്കേണ്ടിയിരുന്നില്ലെ. അപ്പോൾ ഇങ്ങനെ ഒരു ക്ലൈമാക്സ് ജനങ്ങൾ ആഗ്രഹിച്ചാൽ തെറ്റ് പറയാനാകില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർ വർഷങ്ങൾക്ക് ശേഷം ശിക്ഷിക്കപ്പെട്ടേക്കാം. എന്നാൽ നേതാക്കളോ ? പ്രിയദർശൻ ചോദിക്കുന്നു.