Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമയെ തമിഴ്നാട്ടിലെ വട്ടിപലിശക്കാരന്റെ കയ്യിലാക്കാന്‍ കൂട്ടുനില്‍ക്കുന്നു, മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കരുത്: ലിസ്റ്റിന്‍ സ്റ്റീഫനെതിരെ സാന്ദ്ര തോമസ്

Sandra Thomas Listin Stephen

അഭിറാം മനോഹർ

, ഞായര്‍, 4 മെയ് 2025 (11:22 IST)
Sandra Thomas Listin Stephen
മലയാള സിനിമഎ തമിഴ്നാട്ടിലെ വട്ടിപലിശക്കാരന്റെ കൈപ്പിടിയിലൊതുക്കാന്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടുനില്‍ക്കുന്നുവെന്ന ഗുരുതര ആരോപണവുമായി നിര്‍മാതാവ് സാന്ദ്ര തോമസ്. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യാന്‍ ചുമതലപ്പെട്ടയാളാണെന്നും എന്നാല്‍ ലിസ്റ്റിന്റെ നീക്കങ്ങള്‍ ഉപകാരപ്പെടുത്തുന്നത്  സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിയാണെന്നുമാണ് സാന്ദ്ര തോമസിന്റെ ആരോപണം. മലയാള സിനിമാ വ്യവസായം നഷ്ടമാണെന്നു വരുത്തി തീര്‍ത്ത് മലയാള സിനിമയില്‍ നിന്നു നിക്ഷേപകരെ അകറ്റുന്ന നടപടിയാണു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇപ്പോള്‍ ചെയ്യുന്നത്. മലയാളത്തില്‍ സിനിമ നിര്‍മിക്കാന്‍ നിക്ഷേപകര്‍ വരാതായാല്‍ മറ്റു സംസ്ഥാനങ്ങളിലെ വട്ടിപ്പലിശക്കാരുടെ കൈകളില്‍ കേരളത്തിലെ സിനിമാ വ്യവസായം എത്തിപ്പെടുമെന്നും ഇതിന് ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടുനിന്ന് മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കരുതെന്നും നിര്‍മാതാവ് സാന്ദ്ര തോമസ് ആരോപിക്കുന്നു.
 
 സാന്ദ്ര തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
 
മലയാള സിനിമ കൈപ്പിടിയില്‍ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടു നില്‍ക്കരുത്- പ്ലീസ്, അപേക്ഷയാണ് 
തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വഴിവെട്ടാന്‍ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിന്‍ സ്റ്റീഫന്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു.
 
ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യാന്‍ ചുമതലപ്പെട്ടയാളാണ്.അടുത്ത തിരഞ്ഞെടുപ്പില്‍ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും അദ്ദേഹം നടത്തുന്നത് അറിയാം, നല്ലതു വരട്ടേ.
 
മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയില്‍ ഒതുങ്ങണമെന്ന താല്‍പര്യം അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്. കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ ലിസ്റ്റിന്‍ നടത്തിയ ഭീഷണിപ്രസംഗത്തെയും ഗൂഢാലോചനയുടെ ഭാഗമായി കാണുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടുത്തകാലത്ത് സിനിമയുടെ ലാഭനഷ്ട കണക്കുകള്‍ പുറത്തുവിടുന്നതും ഇത്തരമൊരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്.
 
തിയറ്ററുകളില്‍ നിന്നു ലഭിക്കുന്ന പണത്തിന്റെ മാത്രം കണക്കു പുറത്തുവിട്ട് മലയാള സിനിമാ വ്യവസായം നഷ്ടമാണെന്നു വരുത്തി തീര്‍ത്ത് മലയാള സിനിമയില്‍ നിന്നു നിക്ഷേപകരെ അകറ്റുന്ന നടപടിയാണു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇപ്പോള്‍ ചെയ്യുന്നത്.
 
ആര്‍ക്കാണ് ഇതുകൊണ്ടു നേട്ടം?
 
 ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന നിര്‍മ്മാതാവ് മറ്റു പല സിനിമകള്‍ക്കും കൂടി പലിശയ്ക്കു പണം നല്‍കുന്നയാളാണെന്നു നമുക്ക് അറിയാം.
ഇപ്പോള്‍ തിയറ്ററിയില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയില്‍ പോലും വന്‍തുക അദ്ദേഹം നിക്ഷേപിച്ചു. സംസ്ഥാനത്ത് ആകമാനം എത്രയോ സ്‌ക്രീനുകള്‍ ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 'മാജിക് ഫ്രെയിമിന്റെ' നിയന്ത്രണത്തിലാണ്. മലയാളത്തില്‍ സിനിമ നിര്‍മിക്കാന്‍ നിക്ഷേപകര്‍ വരാതായാല്‍ മറ്റു സംസ്ഥാനങ്ങളിലെ വട്ടിപ്പലിശക്കാരുടെ കൈകളില്‍ കേരളത്തിലെ സിനിമാ വ്യവസായം എത്തിപ്പെടും. ഇത്തരം വട്ടിപ്പലിശക്കാരില്‍ നിന്നു വന്‍തുക വാങ്ങി അവരുടെ ഏജന്റായാണു ലിസ്റ്റിന്‍ കൂടിയ പലിശയ്ക്കു പണം മുടക്കുന്നത്.
 
ലിസ്റ്റിന്റെ ഇപ്പോഴത്തെ ഗൂഢനീക്കങ്ങള്‍ അദ്ദേഹത്തിനു താല്‍ക്കാലിക ലാഭമുണ്ടാക്കാന്‍ സഹായകരമായിരിക്കും. പക്ഷെ ലിസ്റ്റിന്‍ ഒന്ന് ഓര്‍ക്കണം ലിസ്റ്റിന്‍ മലയാള സിനിമ രംഗത്ത് സൃഷ്ടിക്കുന്ന 'പലിശ കുത്തകകള്‍' കാര്യം നടന്നു കഴിഞ്ഞാന്‍ നിങ്ങളെയും വിഴുങ്ങും. അപ്പോഴേക്കും മലയാള സിനിമയുടെ ഇപ്പോഴത്തെ നിര്‍മാതാക്കള്‍ക്കു വംശനാശം സംഭവിച്ചിരിക്കും.
ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവര്‍ത്തികളിലും ഒരു ഒറ്റുകാരന്റെ കൊതിയും കിതപ്പും കാണുന്നുണ്ട്.
 
പക്ഷെ അതിനു വേണ്ടി സ്വീകരിക്കുന്ന തെറ്റായ മാര്‍ഗങ്ങള്‍ മലയാള സിനിമയ്ക്കും നമ്മുടെ നാടിനും ഒട്ടും നല്ലതല്ല. വട്ടിപലിശക്കാരന്റെ സ്വാധീനവും താല്‍പര്യങ്ങളും കാരണം ഇപ്പോള്‍ ഒരു നിര്‍മാതാവിനു നേരിട്ടു പോയി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണു മലയാളം ചാനല്‍ ലോകത്തുണ്ടാക്കിയിരിക്കുന്നത്.
ഒരു സാധാരണ സിനിമ നിര്‍മ്മാതാവിനും മലയാള സിനിമാ രംഗത്ത് ഒരു നിലയ്ക്കും നിലനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. അതൊരു ലോബിയുടെ താല്‍പര്യമാണ്.
അതിന്റെ കെടുതികള്‍ എല്ലാ സിനിമ സംഘടനകളും ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമങ്ങളും തിരിച്ചറിയണം.
ലിസ്റ്റിന്‍ സ്റ്റീഫന്‍ സ്വയം തിരുത്താനും മലയാള സിനിമ വ്യവസായത്തിന്റെയും നാടിന്റെയും നന്മയ്ക്കു വേണ്ടി നിലകൊള്ളാനും ശ്രമിക്കണം.
 
ആരും തെറ്റിദ്ധരിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു
തീര്‍ത്തും നല്ല ഉദ്ദേശ്യത്തോടെയാണ് ഇത്രയും പറഞ്ഞത്. 
ഇതെല്ലാം അറിഞ്ഞിട്ടും സിനിമാസംഘടനാ  നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ കുറ്റകരമായ മൗനം പാലിക്കുന്നതും നിസ്സഹായതയാല്‍  പിന്തുണക്കുന്നതും  കാണുമ്പോള്‍ അതിയായ ദുഃഖം തോനുന്നു . 
മലയാള സിനിമയും അതിന്റെ നിര്‍മ്മാതാക്കളും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും അതിന്റെ നല്ലകാലം വീണ്ടെടുക്കുമെന്ന പ്രതീക്ഷയോടെ,
സാന്ദ്ര തോമസ്
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Abhyanthara Kuttavali Release Date: സുപ്രീ കോടതി ഇടപെട്ടു, ആസിഫ് അലി ചിത്രത്തിന് പച്ചക്കൊടി