ലിസ്റ്റിൻ സ്റ്റീഫന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ബേബി ഗേളിന്റെ സെറ്റിൽ നിന്നും നായകനായ നിവിൻ പോളി ഇറങ്ങിപ്പോയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങളിൽ വ്യക്തത വരുത്തി സിനിമയുടെ സംവിധായകൻ അരുൺ വർമ്മ. സെറ്റിൽ നിന്നും നിവിൻ പോളി വഴക്കുണ്ടാക്കി ഇറങ്ങിപ്പോയിട്ടില്ലെന്നും തന്റെ ചിത്രത്തിലെ നിവിന്റെ സീനുകളിൽ മുക്കാൽ ഭാഗവും തീർത്തുകഴിഞ്ഞെന്നും സംവിധായകൻ പ്രമുഖ ചാനലിനോട് പ്രതികരിച്ചു.
നിവിൻ സീനിയറായ ഒരു ആർട്ടിസ്റ്റ് ആണ്. അദ്ദേഹത്തിന് ഇങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണ്. ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞതെന്താണെന്ന് തനിക്കറിയില്ല. ലിസ്റ്റിൻ എന്താണ് പറഞ്ഞത് എന്നതിനെപ്പറ്റി അഭിപ്രായം പറയാൻ എനിക്ക് കഴിയില്ല. പക്ഷേ എന്റെ സിനിമയിൽ ഇപ്പോൾ പുറത്തുവരുന്ന രീതിയിലുള്ള പ്രശ്നങ്ങൾ നടന്നിട്ടില്ല. എന്റെ സിനിമയുടെ സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങി പോയി എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഞങ്ങൾ അറിയാതെ വേറെ എവിടേക്കോ ഇറങ്ങിപ്പോയി എന്നൊക്കെ പറയുന്നത് വാസ്തവവിരുദ്ധമാണ്', അരുൺ പറഞ്ഞു.
ദിലീപിന്റെ പ്രിൻസ് ആൻഡ് ഫാമിലിയുടെ ഔദ്യോഗിക ലോഞ്ചിനിടെയാണ്, നിർമ്മാതാവ് വിവാദ പ്രസ്താവന നടത്തിയത്. മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ഇനിയും ആ തെറ്റ് തുടർന്നാൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും നടന്റെ പേരെടുത്ത് പറയാതെ ലിസ്റ്റിൻ പറയുകയായിരുന്നു.