കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളില്‍ മുഖം കാണിച്ചു തുടങ്ങിയ രഞ്ജി പണിക്കര്‍ പിന്നീട് സിനിമ അഭിനയത്തില്‍ സജീവമായത് ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെയാണ്. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് താന്‍ അഭിനയിച്ച് അധികമാരും ശ്രദ്ധിക്കാതെ പോയ കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് രഞ്ജി പണിക്കര്‍.
'അഭിനയത്തില്‍ സജീവമായത് ഓം ശാന്തി ഓശാന മുതലാണ്. പക്ഷേ അതിന് മുന്‍പ് മൂന്നാല് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഡോക്ടര്‍ പശുപത്രിയില്‍ ഒരു പാസിംഗ് ഷോട്ടില്‍ ഞാനുണ്ടായിരുന്നു. അതുപോലെ തലസ്ഥാനത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷം ചെയ്തിട്ടുണ്ട്. കമ്മീഷണറില്‍ പത്രക്കാരന്റെ റോളില്‍ വന്നിട്ടുണ്ട്. ആദ്യമായി വലിയൊരു വേഷം ചെയ്തത് മാഫിയയിലായിരുന്നു. ഹോം മിനിസ്റ്റര്‍ നഞ്ചപ്പ എന്ന കഥാപാത്രത്തെയാണ് ഞാന്‍ ചെയ്തത്.
ആ വേഷത്തിലേക്ക് ആദ്യം നോക്കിയത് ഒരു കന്നട നടനായിരുന്നു. പക്ഷേ ഷൂട്ട് തുടങ്ങിയ സമയത്ത് അയാള്‍ക്ക് വരാന്‍ സാധിച്ചില്ല. അവസാനം നിമിഷം ആ റോള്‍ എന്നോട് ചെയ്യാന്‍ ഷാജി പറഞ്ഞു. ആ നടനു വേണ്ടി തയ്യാറാക്കിയ വിഗ് ഒക്കെ വെച്ച് അന്നത്തെ കാലത്ത് താടിയൊക്കെ ഉണ്ടായിരുന്നു. ഞാന്‍ ആ ക്യാരക്ടറായി ഞാന്‍ വന്നപ്പോള്‍ പലര്‍ക്കും എന്നെ മനസ്സിലായില്ല',- രഞ്ജി പണിക്കര്‍ പറഞ്ഞു.