Kantara: 'വ്രതമെടുത്ത് കാന്താര കാണാം, മാംസം കഴിക്കരുത്, മദ്യപിക്കരുത്...'; വൈറൽ പോസ്റ്ററിനെ കുറിച്ച് ഋഷഭ് ഷെട്ടി
വ്രതമെടുത്ത് കൊണ്ട് വേണം സിനിമ കാണാൻ എന്നാണ് പ്രചാരണം.
സൗത്ത് ഇന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര 2. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന 'കാന്താര ചാപ്റ്റർ 1' ഒക്ടോബർ 2 ന് റിലീസ് ആകും. ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ പുറത്തുവിട്ടിരുന്നു.
ട്രെയ്‌ലർ പുറത്ത് വന്നതിന് പിന്നാലെ കാന്താര കാണാണമെങ്കിൽ മൂന്ന് വിശുദ്ധ കാര്യങ്ങൾ പ്രേക്ഷകർ പാലിക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റർ പ്രചരിക്കപ്പെട്ടത്. വ്രതമെടുത്ത് കൊണ്ട് വേണം സിനിമ കാണാൻ എന്നാണ് പ്രചാരണം.
'കാന്താര ചാപ്റ്റർ 1 തിയേറ്ററിൽ കാണുന്നത് വരെ പ്രേക്ഷകർ മൂന്ന് വിശുദ്ധ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്, മദ്യപിക്കരുത്, പുക വലിക്കരുത്, മാംസാഹാരം കഴിക്കരുത് എന്നിവയാണ് ആ വിശുദ്ധ കാര്യങ്ങൾ. ഇതിൽ പങ്കെടുക്കുന്നതിനായി ഗൂഗിൾ ഫോം പൂരിപ്പിക്കുക', എന്നാണ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ട പോസ്റ്ററിൽ ഉണ്ടായിരുന്നത്.
കാന്താര ടീം പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്റർ എന്ന നിലയിലാണ് ഇത് പ്രചരിക്കപ്പെട്ടത്. എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഋഷഭ് ഷെട്ടി. അത്തരമൊരു പോസ്റ്റർ കണ്ടപ്പോൾ താൻ ഞെട്ടി പോയെന്നും, താൻ അക്കാര്യം പ്രൊഡക്ഷൻസുമായി ക്രോസ്സ് ചെക്ക് ചെയ്‌തെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.
'ഞാൻ ഞെട്ടിപ്പോയി, പുകവലി പാടില്ല, മദ്യപിക്കരുത്, മാംസം കഴിക്കാൻ പാടില്ല എന്ന പോസ്റ്റർ കണ്ടപ്പോൾ. ഞാൻ ഈ വിവരം പ്രൊഡക്ഷൻസുമായി ക്രോസ് ചെക്ക് ചെയ്തു. പ്രശസ്തി നേടാനായി ആരോ വ്യാജമായി നിർമ്മിച്ച പോസ്റ്റർ ആണത് . അതിന് പ്രതികരിക്കേണ്ടതില്ലെന്നും ഞങ്ങൾ കരുതുന്നു', നടൻ പറഞ്ഞു.