മലയാളത്തിലെ ഇറങ്ങുന്ന പുതിയ സിനിമകള്‍ ആദ്യം തന്നെ തിയേറ്ററില്‍ പോയി കാണാന്‍ ടി എന്‍ പ്രതാപന്‍ എംപി. ആദ്യ ദിവസം തന്നെ മരക്കാര്‍ അദ്ദേഹം കണ്ടിരുന്നു പിന്നീട് പ്രണവ് മോഹന്‍ലാലിന്റെ ഹൃദയവും ടി എന്‍ പ്രതാപന്‍ തീയറ്ററുകള്‍ കണ്ട പടമാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ റോഷാക്ക് റിവ്യുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ടി എന്‍ പ്രതാപന്റെ വാക്കുകളിലേക്ക്
ഇന്നലെ റോഷാക്ക് കണ്ടു. കണ്ടുകഴിഞ്ഞപ്പോള്‍ അറിയാതെ പറഞ്ഞുപോയ ആദ്യത്തെ വാചകം 'ഈ മമ്മൂക്ക ഇതെന്ത് മനുഷ്യനാണ്' എന്നതായിരുന്നു. 'മമ്മൂക്കയുടെ പഴയ പടങ്ങളൊക്കെ...' എന്ന് ജാമ്യമെടുക്കേണ്ട സാഹചര്യമില്ലാത്ത വിധം ഓരോ കാലവും മമ്മൂട്ടി എന്ന നടന്ന വിസ്മയം തന്റെ അസാധാരണമായ താരത്തിളക്കം കൊണ്ട് തന്റേതാക്കുകയാണ്. അഭിനയത്തിന്റെ എന്തെല്ലാം സാധ്യതയുണ്ടോ അതെല്ലാം തേടുന്ന, പുതുമയും പൂര്‍ണ്ണതയും തേടിക്കൊണ്ടേയിരിക്കുന്ന നിത്യദാഹിയായ നടനാണ് മമ്മൂട്ടി. 'അഭിനയിക്കാനുള്ള ദാഹം തീരുന്നില്ല' എന്ന് അദ്ദേഹം തന്നെയോ അതോ മറ്റാരോ മമ്മൂട്ടി എന്ന നടനെ കുറിച്ചോ പറഞ്ഞത് കേട്ടിട്ടുണ്ട്. അത് അക്ഷരംപ്രതി ശരിയാണെന്ന് സമ്മതിച്ചുകൊടുക്കേണ്ട പ്രകടനമാണ് റോഷാക്കിലും കണ്ടത്.
റോഷാക്കിലും ഇതിനുമുന്‍പുള്ള രണ്ടു സിനിമകളിലും മമ്മൂക്കയുടെ തനിമയേക്കാള്‍ പ്രേക്ഷകനെന്ന നിലയില്‍ എനിക്ക് കൂടുതല്‍ അനുഭവേദ്യമായത് മമ്മൂക്ക അവതരിപ്പിച്ച പുതുമയാണ്. ഭീഷ്മപര്‍വ്വതിലും പുഴുവിലും മമ്മൂട്ടിയുടെ അഭിനയം മഹാമേരുകണക്കെ നിലയുറപ്പിക്കുന്നത് തനത് മമ്മൂട്ടി മാനറിസത്തിന്റെ വേരുബലത്തിലല്ല, മറിച്ച് അഭിനയിക്കാനുള്ള അഭിനിവേശം വയസ്സേറുന്ന മുറയ്ക്ക് ഇരട്ടിക്കുന്ന നടനിലെ പുതിയ സാങ്കേതിക-സങ്കേതങ്ങളുടെ വിരിവുകൊണ്ടാണ്.
പുഴു എന്ന സിനിമ സംവേദനം ചെയ്ത രാഷ്ട്രീയം എന്നെ ഏറെ ആകര്‍ഷിച്ചപ്പോഴും ഭീഷ്മപര്‍വ്വവും റോഷാക്കും പ്രമേയത്തേക്കാള്‍ മമ്മൂട്ടി എന്ന നടന്റെ ദൃശ്യത തന്നെയാണ് എനിക്ക് ഏറെ ബോധിച്ചത്. ഭീഷ്മപര്‍വ്വം അനേകം തവണ ആവര്‍ത്തിച്ച ഗോഡ്ഫാദര്‍ റെഫറന്‍സിന്റെ അമല്‍നീരദ് അവതരണമാണ് എന്നത് നല്ലൊരു കാഴ്ചവിരുന്നാണ്. അപ്പോഴും മമ്മൂക്ക നല്‍കുന്ന വിരുന്നാണ് എന്നെ പിടിച്ചിരുത്തുന്നത്. ഫീല്‍ഗുഡ് സിനിമകളാണ് എനിക്ക് കൂടുതല്‍ താല്പര്യം. സിനിമയില്‍ കൂടുതല്‍ ഇമോഷന്‍സ് ഇന്‍വെസ്റ്റ് ചെയ്യാനുള്ള മടികൊണ്ടായിരിക്കുമത്. അപ്പോഴും മറ്റു ജോണര്‍ സിനിമകളും എനിക്കിഷ്ടമാണ്. അതിന് ജോണറിന്റെ സാമാന്യ സവിശേഷതകളേക്കാള്‍ ഇമ്പ്രെസീവായ വേറെ ഘടകങ്ങളും വേണം.
റോഷാക്കിലെത്തുമ്പോള്‍ മമ്മൂട്ടി ആണ് ഈ സിനിമ എനിക്ക് പ്രിയപ്പെട്ടതാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. സിനിമ എന്ന നിലക്ക് റൊഷാക്ക് നല്ലൊരു സൃഷ്ടിയാണെന്ന് പറയാതെ പോകുന്നത് നീതികേടാകും. നിസാം ബഷീര്‍ ഈ കഥയെ സൃഷ്ടിച്ചത് തന്നെ എത്ര രസകരമായ ഒറ്റവരിയിലാണ്. 'എപ്പോഴും പ്രേതങ്ങള്‍ മനുഷ്യരെ പിന്തുടര്‍ന്ന് പ്രതികാരം ചെയ്യുന്നു. എന്തുകൊണ്ട് തിരിച്ചു പറ്റുന്നില്ല?' എന്നതാണത്. തിരക്കഥയും കഥപറച്ചിലും കാഴ്ചയും പശ്ചാത്തല സംഗീതവും ചിത്രസംയോജനം വരെയും മനോഹരമായി ചെയ്തിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം സിനിമയില്‍ മുഖം കാണിച്ച എല്ലാവരും ഗംഭീരം. ബിന്ദുപണിക്കരും, ഷറഫുദ്ധീനും, ജഗദീഷും, ഗ്രെയ്സ് ആന്റണിയും, നസീറും തുടങ്ങി എല്ലാ കഥാപാത്രങ്ങളും എത്ര കൃത്യതയോടെയാണ് കഥാപാത്രങ്ങളായിട്ടുള്ളത്.
മമ്മൂട്ടി എന്ന നടന്റെ വീര്യം കൂടിവരികയാണ്. സൗന്ദര്യത്തില്‍ മാത്രമല്ല, അതിലേറെ അഭിനയ മികവില്‍ മമ്മൂക്ക ലോകവിസ്മയമാണ് എന്നുപറയാതെ വയ്യ. പുതിയ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കുമൊപ്പം മമ്മൂക്ക കൈകോര്‍ക്കുന്നതും പുതുമയുള്ള പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതും മലയാള സിനിമക്ക് ഏറെ നിര്‍ണ്ണായകമായ ശക്തിപകരുന്ന കാര്യമാണ്. മമ്മൂട്ടി കമ്പനി ഇനിയും ഒരുപാട് പുതുമയും പ്രത്യേകതയുമുള്ള സിനിമകള്‍ കൊണ്ടുവരട്ടെ. ഒപ്പം, മമ്മൂക്ക എന്നുമെന്നും നമുക്ക് ദൃശ്യവിരുന്നും വിസ്മയവുമാകട്ടെ...