Publish Date: Wed, 20 Jan 2021 (14:07 IST)
Updated Date: Wed, 20 Jan 2021 (14:09 IST)
ബാഹുബലിക്ക് ശേഷം സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് 'ആര്‍ആര്‍ആര്‍'. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ക്ലൈമാക്സിനെകുറിച്ച് ഒരു സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായ രാമരാജുവും ഭീമും കൈകോർത്ത് നിൽക്കുന്ന ചിത്രമാണ് രാജമൗലി ട്വിറ്ററിലൂടെ പങ്കുവെച്ചത്. തങ്ങൾ ആഗ്രഹിച്ചത് നേടാൻ രാമരാജുവും ഭീമും ഒന്നിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. നിലവിൽ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ക്ലൈമാക്സ് രംഗങ്ങളാണ് ടീം ഷൂട്ട് ചെയ്യുന്നത്.
ബാഹുബലി സീരിയസ് പോലെ തന്നെ രാജമൗലിയുടെ വരാനിരിക്കുന്ന ആർ ആർ ആറും ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുക്കുന്നത്. ബോളിവുഡിൽ നിന്ന് ആലിയ ഭട്ടും അജയ് ദേവ്ഗണും എത്തുമ്പോൾ തമിഴിൽ നിന്ന് സമുദ്രക്കനിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒലിവിയ മോറിസ്, റേ സ്റ്റീവൻസൺ തുടങ്ങിയ അന്തർദേശീയ താരങ്ങളും സിനിമയുടെ ഭാഗമാണ്.
ഡി വി വി ധനയ്യയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ പോരാളികളുടെ കഥയാണ് സിനിമ പറയുന്നത്.