ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിന് ദേശീയ അവാർഡ് കിട്ടാതെ പോയതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് സംവിധായകനും നടനുമായ രൂപേഷ് പീതാംബരൻ. എമ്പുരാൻ എന്ന സിനിമയിലൂടെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയം പറഞ്ഞതാണ് ഇതിന് കാരണമെന്നും രൂപേഷ് ചൂണ്ടിക്കാട്ടുന്നു.
ഇനി പൃഥ്വിരാജ് തന്റെ പേര് വെക്കാതെ സിനിമ അവാർഡിന് അയക്കാൻ നിർമാതാക്കളോട് ആവശ്യപ്പെടുമെന്നും രൂപേഷ് പറയുന്നു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബാന്റിറ്റ് ക്വീൻ എന്ന സിനിമയ്ക്ക് അവർ സെൻസർ കൊടുത്തില്ല. പിന്നെ അതിന് അവാർഡ് കിട്ടിയപ്പോൾ ശേഖർ കപൂർ അത് നിരസിച്ചു. നമ്മുടെ ആത്മാഭിമാനത്തെ ചൊറിഞ്ഞാൽ അങ്ങനെയാണ്. ഒരു ട്രൂ ആർട്ടിസ്റ്റിന്റെ അടയാളമാണത്. മിക്കവാറും പൃഥ്വിരാജ് ഇനി ചെയ്യാൻ പോവുക എന്തെന്നറിയാം. പൃഥ്വിരാജ് ഇനി നിർമാതാക്കളോട് പറയുക എന്റെ പേര് വെക്കണ്ട, നിങ്ങൾ അവാർഡിന് അയച്ചോ എന്നാകും. ഉറപ്പായിട്ടും അയാളത് പറയും'' രൂപേഷ് പറയുന്നു.
''എന്താണ് കാരണമെന്ന് നമുക്കെല്ലാവർക്കും അറിയാം. അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയം സിനിമയിലൂടെ പറഞ്ഞു. അപ്പോൾ അത് അവർക്ക് പൊട്ടി. അവർ തിരിച്ചൊരു കൗണ്ടർ അടിച്ചു'' എന്നും രൂപേഷ് പറയുന്നുണ്ട്.
നേരത്തെ ദേശീയ അവാർഡ് പ്രഖ്യാപന വേളയിൽ ആടുജീവിതം തഴയപ്പെട്ടത് വലിയ വിവാദമായിരുന്നു. മികച്ച നടൻ, സംവിധാനം, ഛായാഗ്രഹണം തുടങ്ങിയ അവാർഡുകളെല്ലാം ആടുജീവിതത്തിന് അർഹമായിരുന്നു. പൃഥ്വിരാജിനെ തഴഞ്ഞ് ഷാരൂഖ് ഖാനെ മികച്ച നടനായി തെരഞ്ഞെടുത്തത് ശരിയായില്ലെന്നുമായിരുന്നു വിമർശനം.
ആടുജീവിതത്തെ തഴയുകയും കേരള സ്റ്റോറി പോലുള്ള പ്രൊപ്പഗണ്ട സിനിമയ്ക്ക് അംഗീകാരങ്ങൾ നൽകുകയും ചെയ്തത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.