തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി വിടവാങ്ങിയിട്ട് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു സച്ചിയുടെ അന്ത്യം. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് ജന്മം നല്‍കിയ സച്ചി മനസ് നിറയെ സിനിമാമോഹങ്ങള്‍ ബാക്കിവച്ചാണ് വിടവാങ്ങിയത്.
മനസില്‍ ഒരു സിനിമയ്ക്കുള്ള കഥ പിറന്നാല്‍ സച്ചി ആദ്യം പോകുക മൂകാംബികയിലേക്കാണ്. മൂകാംബികയില്‍ പോയി മുറിയെടുത്ത് അവിടെയിരുന്ന് തിരക്കഥ പൂര്‍ത്തിയാക്കും. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം മൂകാംബിക ക്ഷേത്രത്തില്‍ പോകും. തിരക്കഥ പൂജിച്ച് വാങ്ങും. അതിനുശേഷം മാത്രമേ സിനിമയുടെ വര്‍ക്കുകളിലേക്ക് കടക്കൂ.
സേതുവിനൊപ്പം തിരക്കഥ രചിച്ചാണ് സച്ചി മലയാള സിനിമയിലേക്ക് എത്തുന്നത്. സച്ചി-സേതു കൂട്ടുക്കെട്ട് മലയാളത്തില്‍ ഹിറ്റായി. പൃഥ്വിരാജ് നായകനായ ചോക്ലേറ്റ് ആണ് ഈ കൂട്ടുക്കെട്ടില്‍ പിറന്ന ആദ്യ ചിത്രം. റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം തിരക്കഥയൊരുക്കിയത് സച്ചിയും സേതുവും ചേര്‍ന്നാണ്.
ജോഷി-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന 'റണ്‍ ബേബി റണ്‍' ആണ് സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥ. പിന്നീട് ചേട്ടായീസ്, രാമലീല, ഷെര്‍ലക് ടോംസ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെയും തിരക്കഥാകൃത്തായി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ സിനിമകള്‍ സ്വയമായി തിരക്കഥയൊരുക്കി സംവിധാനം ചെയ്തു. സച്ചിയുടെ കൈയൊപ്പ് പതിഞ്ഞ സിനിമകളില്‍ ഭൂരിഭാഗവും തിയറ്ററുകളില്‍ വന്‍ വിജയങ്ങളായിരുന്നു. പൃഥ്വിരാജ്-ബിജു മേനോന്‍ കൂട്ടുക്കെട്ടില്‍ പിറന്ന അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം.