Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ന്യൂസ് എവിടുന്നാണ് ? ഇങ്ങിനെ ഒരു അഭിമുഖം ഞാനാർക്കും കൊടുത്തിട്ടില്ലല്ലോ! സംവിധായകൻ സലാം ബാപ്പുവിന്റെ കുറിപ്പ്

Shane Nigam

കെ ആര്‍ അനൂപ്

, ബുധന്‍, 7 ഡിസം‌ബര്‍ 2022 (17:12 IST)
'ഇങ്ങിനെ ഒരു അഭിമുഖം ഞാനാർക്കും കൊടുത്തിട്ടില്ലല്ലോ'- എന്ന് സോഷ്യൽ മീഡിയയിലൂടെ വന്ന് പറയേണ്ട അവസ്ഥയാണ് സംവിധായകൻ സലാം ബാപ്പുവിന്.സിനിമയുടെ പരാജയ കാരണം മോഹൻലാൽ'- സലാം ബാപ്പു. 'തിരക്കഥ തിരുത്താൻ മോഹൻലാൽ സമ്മതിച്ചില്ല', റെഡ് വൈൻ പരാജയ കാരണം വെളുപ്പെടുത്തി സംവിധായകൻ. സോഷ്യൽ മീഡിയ മുഴുവൻ ഇത്തരത്തിലുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ ന്യൂസ് എവിടുന്നാണ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
 സലാം ബാപ്പുവിന്റെ കുറിപ്പ് 
സോഷ്യൽ മീഡിയയും നവ മാധ്യമങ്ങളുമൊക്കെ ഇരുതല മൂർച്ചയുള്ള വാളാണെന്നറിയാം. അവനവനു നേർക്ക്‌ വരുമ്പോൾ മാത്രമാണു അതിന്റെ ഭീകരത എന്തെന്ന് ബോധ്യമാവൂ, ഒടുവിൽ എന്നെത്തേടിയും അത്‌ വന്നിരിക്കുന്നു. ഹൃദയങ്ങൾ തകർക്കുന്ന, ബന്ധങ്ങൾ തകർക്കുന്ന ക്രൂരമായ വാർത്താ വിനോദങ്ങൾക്ക്‌ ഈയുള്ളവനും ഇരയായിരിക്കുന്നു. ഒരാൾ കൊടുത്താൽ ജേർണ്ണലിസ്റ്റ്‌ എത്തിക്സ്‌ ഒന്നും നോക്കാതെ എല്ലാവരും കൊടുക്കുന്ന പുതിയ മാധ്യമ സംസ്ക്കാരം പല ജീവിതങ്ങളും തകർക്കുന്നുണ്ട്‌. കാര്യത്തിലേക്ക്‌ വരാം.
 
ഇന്നലെ സോഷ്യൽ മീഡിയയിൽ ഒരു വാർത്ത കണ്ടു, 'സിനിമയുടെ പരാജയ കാരണം മോഹൻലാൽ'- സലാം ബാപ്പു. സ്ക്രോൾ ചെയ്തപ്പോൾ വേറെയും തലക്കെട്ടുകൾ 'തിരക്കഥ തിരുത്താൻ മോഹൻലാൽ സമ്മതിച്ചില്ല', റെഡ് വൈൻ പരാജയ കാരണം വെളുപ്പെടുത്തി സംവിധായകൻ. സോഷ്യൽ മീഡിയ മുഴുവൻ ഇത്തരത്തിലുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ ന്യൂസ് എവിടുന്നാണ് ? ഇങ്ങിനെ ഒരു അഭിമുഖം ഞാനാർക്കും കൊടുത്തിട്ടില്ലല്ലോ! ആദ്യം അവഗണിച്ചെങ്കിലും വിശ്വസനീയമായ പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ വല്ലാത്ത വിഷമം തോന്നി, ഒരു വാർത്തയിൽ കണ്ടു, മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് ഞാൻ നൽകിയ അഭിമുഖത്തിലാണ് ഇങ്ങിനെ പറഞ്ഞതെന്ന്, ഞാൻ അത്ഭുതപ്പെട്ടു, അങ്ങിനെ ഒരു ചാനലിന് ഞാൻ അഭിമുഖം നൽകിയിട്ടേയില്ല! നൽകാത്ത അഭിമുഖത്തിൽ ഞാൻ പറഞ്ഞ വാക്കുകൾ..! ഹോ... എന്തൊരു ഭീകരതയാണിത്‌..!
 
അവരുടെ യൂട്യൂബ്‌ ചാനലിൽ കയറി നോക്കി, സംഗതി സത്യമാണ്, ദേ കിടക്കുന്നു 4 മിനിറ്റ് മുൻപ് അപ്‌ലോഡ് ചെയ്ത വാർത്ത, ഹെഡിങ് നോക്കി, 'തിരക്കഥ മാറ്റാൻ മോഹൻ ലാൽ സമ്മതിച്ചില്ല, അതോടെ പടം പൊട്ടി'. അഭിമുഖത്തിൽ ഞാൻ തന്നെയാണ്, എന്നാൽ റെഡ് വൈൻ ഇറങ്ങി കുറച്ചു നാൾ കഴിഞ്ഞ്‌ ഞാൻ നൽകിയ ഇന്റർവ്യൂ ആണത്, അതും വേറൊരു ചാനലിന്, അതാണിപ്പോൾ മാസ്റ്റർ ബിൻ വാട്ടർ മാർക്കൊക്കെയിട്ട് പുതിയ ഇന്റർവ്യൂ ആയി അവതരിപ്പിച്ചിരിക്കുന്നത്, അത് മുഴുവൻ കണ്ടു, പടത്തിന്റെ പരാജയത്തെ പറ്റി ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല, ലാൽ സാർ കഥാപാത്രത്തിന്റെ വലുപ്പം നോക്കാതെ അഭിനയിച്ചുവെന്നും എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യമല്ല സിനിമയാണ് വലുതെന്നും ലാലേട്ടൻ പറഞ്ഞു എന്നാണ് ഞാൻ 9 വർഷം മുൻപ് ഞാൻ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്, ലാൽ സാറിന്റെ മഹാമസ്‌കതയെ അഭിനന്ദിച്ചത് വളച്ചൊടിച്ച് നെഗറ്റീവായി അവതരിപ്പിച്ചിരിക്കുന്നു ചാനലിൽ, പുറകിലോട്ട് പോയപ്പോൾ വളരെ പോസറ്റീവ് ആയ തലക്കെട്ടിൽ 4 വർഷം മുൻപ് ഇതേ ഇന്റർവ്യൂ അവർ തന്നെ നൽകിയിട്ടുണ്ട്, അത് അധികമാരും ശ്രദ്ധിച്ചിട്ടുമില്ല, വാർത്തയായിട്ടുമില്ല. ഇനി ശ്രദ്ധിക്കപ്പെടാൻ എന്ത്‌ ചെയ്യണം എന്നവർ ആലോചിച്ചപ്പോൾ പണി എനിക്കിട്ടായി. നല്ല റീച്ചും കിട്ടി. ലാൽ സാറിനു ആരെങ്കിലും ആ ലിങ്ക്‌ നൽകിയാൽ അദ്ദേഹം എന്ത്‌ കരുതുമെന്നത്‌ എന്റെ മാത്രം വിഷയമാണല്ലോ..!
 
ലാൽ സാർ എന്റെ ഗുരുതുല്യനാണ്, ചെറുപ്പം മുതൽ ഞാൻ ആരാധിക്കുന്ന മഹാനടൻ, അദ്ധേഹത്തിന്റെ മുഖത്ത് ക്യാമറ വെച്ച്‌ എന്റെ സ്വതന്ത്ര സംവിധാന ജീവിതത്തിന് തുടക്കം കുറിക്കാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു, ഇക്കാര്യം പല ഇന്റവ്യൂകളിലും ഞാൻ പറഞ്ഞിട്ടുള്ളതുമാണ്. ലാൽ സാർ എത്ര തിരക്കിലാണെങ്കിലും നേരിട്ട് കാണുമ്പോൾ കയ്യിൽ പിടിച്ച് സലാമെ, സുഖമല്ലേ എന്ന് ചോദിക്കുന്ന ഒരു ബന്ധം ഇപ്പോഴും നിലവിലുണ്ട്. കേവലം റീച്ചിനും ലൈക്കിനും വേണ്ടി വാർത്തകൾ നൽകുമ്പോൾ ഇത്തരം ബന്ധങ്ങളാണ് മുറിഞ്ഞു പോകുന്നത്, മനുഷ്യന്മാരെ തമ്മിൽ അകറ്റാനേ ഇത്തരം വാർത്തകൾക്ക് സാധിക്കൂ... 
മനുഷ്യരെ തമ്മിലകറ്റി പണം നേടുന്നവർക്ക്‌ എന്ത്‌ മനുഷ്യ ബന്ധങ്ങൾ..!
 
ഇതേ മാസ്റ്റർ ബീൻ എന്ന ചനലിൽ നാല് മാസങ്ങൾക്ക് മുൻപ് ഒരു വാർത്ത വന്നു, അതിന്റെ ടൈറ്റിൽ ഇങ്ങിനെയായിരുന്നു, 'കെട്ടുതാലി പണയം വെച്ച്‌ പ്രൊഡ്യൂസർ, മോഹൻലാൽ വന്നിട്ടും മുടക്ക് മുതലിന്റെ പകുതി പോലും തിരിച്ചു കിട്ടിയില്ല, ഓൺലൈൻ വാർത്തകൾ പലരും അയച്ചു തന്നപ്പോൾ ഞാൻ റെഡ് വൈൻ പ്രൊഡ്യൂസർ ഗിരീഷ് ലാൽ ചേട്ടനെ വിളിച്ചു, ചേട്ടാ റെഡ് വൈൻ ചേട്ടന് ലാഭമുണ്ടാക്കിയ സിനിമയാണല്ലോ പിന്നെന്തിനാണ് നഷ്ടമുണ്ടാക്കി എന്ന് ഇന്റർവ്യൂവിൽ പറഞ്ഞത്, ലാൽ സാറിനെ കുറ്റപ്പെടുത്തി ഇങ്ങനെ നന്ദി ഇല്ലാത്ത ആളാവരുത്, അപ്പോൾ ഗിരീഷേട്ടൻ പറഞ്ഞത് ഞാൻ അങ്ങിനെ പറഞ്ഞിട്ടില്ല സലാം, റെഡ് വൈൻ എനിക്ക് ലാഭം തന്ന സിനിമയാണ് ടേബിൾ പ്രോഫിറ്റ് ആയിരുന്നു എന്നാണ് പറഞ്ഞത്, ഇങ്ങനെ ന്യൂസ് വരുന്നതിന് ഞാനെന്ത് ചെയ്യാനാണ്? സലാം, ഇന്റർവ്യൂ ഒന്ന് കണ്ട് നോക്കൂ.. ഫോൺ കട്ട് ചെയ്ത്‌ ഞാൻ അഭിമുഖം പൂർണ്ണമായും കണ്ടു, അദ്ദേഹം പറഞ്ഞത് ശരിയാണ് റെഡ് വൈൻ ലാഭമുണ്ടാക്കിയ സിനിമയാണെന്ന് തന്നെയാണ് അവിടെ പറഞ്ഞിരിക്കുന്നത്, തലക്കെട്ട് മാത്രം വായിച്ച്‌ കുറ്റപെടുത്തിയതിന് ഞാൻ ഗിരീഷേട്ടനെ അപ്പോൾത്തന്നെ വിളിച്ച് സോറി പറഞ്ഞു. എനിക്ക്‌ ഗിരീഷേട്ടനോട് അത്രക്ക് സ്വതന്ത്രമുള്ളതിനാൽ വാർത്ത സത്യമാണോ എന്ന് വിളിച്ചു ചോദിച്ചു, ലാൽ സാർ ഈ വാർത്ത കണ്ടാൽ വിളിച്ചു ചോദിക്കണമെന്നില്ല. സലാം അങ്ങനെ പറഞ്ഞത്‌ ശരിയായില്ല എന്ന തോന്നൽ അദ്ദേഹത്തിന്റെ മനസ്സിൽ കിടക്കും... 
 
ഒരു സിനിമ ചെയ്യുമ്പോൾ അഭിനേതാക്കൾക്കോ പ്രൊഡ്യൂസർക്കോ, സംവിധായകനോ മറ്റ് സാങ്കേതിക പ്രവർത്തകർക്കോ ആർക്കെങ്കിലും ഗുണമുണ്ടാകണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. റെഡ് വൈൻ ലാലേട്ടൻ, Fahadh Faasil, ആസിഫ്, സുരാജ്, സൈജു, ടി ജി രവി ചേട്ടൻ, മേഘ്‌ന രാജ്, അനുശ്രീ, മിയ, മീര നന്ദൻ എന്നിവരെ വെച്ച്‌ 4.5 കോടി മുതൽ മുടക്കിൽ 42 ദിവസം കൊണ്ട് പൂർത്തിയാക്കുകയും 5 കോടി രൂപക്ക് ഏഷ്യാനെറ്റ് സാറ്റലൈറ്റ് അവകാശം വാങ്ങി, റീലാസ് ഈവീന്റ്സ് 2.5 കോടിക്ക് മിനിമം ഗ്യാരന്റിക്ക് (നിർമ്മാതാവ്‌ തിരിച്ചു കൊടുക്കാൻ ബാധ്യസ്ഥനല്ല, പരസ്യ ചിലവുകളും വിതരണക്കാരന്റെ ഉത്തരവാദിത്തമാണ്) വിതരണത്തിനെടുത്തു, 
 
നൂറോളം തിയറ്ററുകളിൽ റീലീസ് ചെയ്‌ത റെഡ് വൈൻ, നാല് വാരം (28 ദിവസം) ഒരു വിധ പ്രൊമോഷനുകളോ പരസ്യങ്ങളോ ഇല്ലാതെ തന്നെ തിയറ്ററുകളിൽ പ്രദർശിപ്പിച്ചു. Asianet ഏറ്റവും കൂടുതൽ പ്രാവശ്യം ടെലികാസ്റ്റ് ചെയ്ത ഒരു സിനിമയും Red Wine തന്നെയാണ്. Amazon Prime Video ലും Disney+ Hotstar ലും ഇപ്പോഴും നല്ല വ്യൂവർഷിപ്പുണ്ട്. മാത്രമല്ല തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് ഡബ്ബിങ് പതിപ്പുകൾ ഇറങ്ങുകയും ചെയ്തു. ഇതെല്ലം ലാൽ സാറിന്റെയും ഫഹദിന്റെയും ആസിഫിന്റെയും താര സാന്നിധ്യം കൊണ്ട് തന്നെയാണ് സാധ്യമായത്. ഓരോ വട്ടം കാണുമ്പോഴും ആളുകൾ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കാറുണ്ട് ഈ അഭിനന്ദനങ്ങൾ മുന്നോട്ടുള്ള യാത്രക്ക് വലിയ പ്രചോദനം തന്നെയാണ്. എവിടെ പോകുമ്പോഴും റെഡ് വൈൻ സംവിധായകൻ എന്ന രീതിയിൽ കിട്ടുന്ന അംഗീകാരങ്ങൾ ഞാനാസ്വദിക്കുന്നുമുണ്ട്. വർഷങ്ങൾക്കിപ്പുറം ഈ സിനിമ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നു എന്നുള്ളത് ഒരു സിനിമയെ സംബന്ധിച്ചിടത്തോളം വലിയ വിജയം തന്നെയാണ്.
 
ഞാൻ സ്വതന്ത്രമായി രണ്ട് സിനിമയെ ചെയ്തിട്ടുള്ളൂ, മൂന്നാമത്തെ സിനിമയുടെ പണിപ്പുരയിലുമാണ്, രണ്ട് സിനിമയും നിർമ്മാതാവിന് സാമ്പത്തിക ലാഭം നൽകാൻ കഴിഞ്ഞു എന്നുള്ളതാണ് ഒരു സംവിധായകൻ എന്ന രീതിയിലുള്ള എന്റെ വിജയം. മംഗ്ളീഷ് നിർമ്മാതാവ് ഇപ്പോൾ വിളിച്ചാലും പറയും മംഗ്ളീഷാണ് എനിക്ക് സാമ്പത്തികമായി ഏറ്റവും ഗുണം ചെയ്തിട്ടുള്ള സിനിമയെന്ന്... ഒരു നിർമ്മാതാവിന്റെ ജീവിത കാലത്തെ സമ്പാദ്യം നമ്മളെ വിശ്വസിച്ചാണല്ലോ ഇറക്കുന്നത്, അത് തിരിച്ചു നൽകാൻ സാധിച്ചാൽ അത് തന്നെയാണ് വലിയ പുണ്യം. ഒരു പ്രൊഡ്യൂസറേയും കുത്തുപാള എടുപ്പിച്ചില്ല എന്ന ചാരിതാർഥ്യമുണ്ടെനിക്ക്.
 
 Manglish ന് ശേഷം എല്ലാം സെറ്റായി ഒരു പാട് സിനിമകൾ എനിക്ക് ലഭിച്ചതാണ്, എന്നാൽ പൂർണ്ണ തൃപ്തി ലഭിക്കാത്തതിനാൽ ഉപേക്ഷിക്കുകയാണുണ്ടായത്, തൃപ്തിയില്ലാത്ത സിനിമക്ക് അഡ്വാൻസും വാങ്ങി വീട്ടിൽ ഉറക്കമില്ലാതെ തിരിഞ്ഞു മറിഞ്ഞു കിടക്കുമ്പോൾ എന്റെ ഭാര്യ പറയും നാളെ പ്രൊഡ്യൂസറെ വിളിച്ച് ആ അഡ്വാൻസ് തിരിച്ചു കൊടുത്തേക്ക് എന്ന്... നിരന്തരം സിനിമ പടച്ചു വിടുന്നതിലല്ല കാമ്പുള്ള ഒന്നോ രണ്ടോ സിനിമകൾ ചെയ്യുക എന്നത് മാത്രമാണ് എന്റെ ലക്‌ഷ്യം. അതിനുള്ള ശ്രമത്തിലുമാണ്. സിനിമ ചെയ്യുക എന്നത്‌ എന്റെ വ്യക്തി പരമായ കാര്യമാണു. എനിക്കിഷ്ടമുള്ള സിനിമ ചെയ്യുക എന്നത്‌ മാത്രമാണെന്റെ സ്വപ്നം. എല്ലാ ഘടകങ്ങളും ഒത്ത്‌ വരുമ്പോൾ എനിക്കിഷ്ടപ്പെട്ട സിനിമയുമായി ഞാൻ വരും. ഇത്ര എണ്ണം സിനിമകൾ ചെയ്യാമെന്ന് ഞാനാർക്കും വാക്ക്‌ കൊടുത്തിട്ടില്ല. ഒരു നല്ല സിനിമ ഒരായിരം മോശം സിനിമകളേക്കാൾ നമുക്ക്‌ വേണ്ടി സംസാരിക്കും, അത്‌ കാലാതിവർത്തിയാവുകയും ചെയ്യും.
 
പല ഓൺലൈൻ ചാനലുകളിലും ഒരു സിനിമക്ക് വേണ്ടി ഒരുമിച്ചു നിന്ന് ശ്രമിച്ചവർ വർഷങ്ങൾക്ക് ശേഷം പരസ്പരം ചെളി വാരി എറിയുന്നത് കാണുമ്പോൾ ഇവന്മാർക്കൊന്നും വേറെ പണിയില്ലേ എന്ന് പുച്ഛത്തോടെ നോക്കിയിട്ടുണ്ട്, സമാനമായ ഒരു വാർത്ത ഓൺലൈനിൽ വന്നപ്പോൾ എനിക്ക് വല്ലാത്ത നാണക്കേട് തോന്നി, ഞാനും ഒരു ജേർണലിസ്റ്റായിരുന്നു, ജേർണലിസം പഠിച്ചിട്ടുമുണ്ട്. അത് വിട്ടാണ് സിനിമയിൽ വന്നത്, അതിനാൽ ഇതല്ല പത്രപ്രവർത്തനം എന്ന് ഓർമ്മപ്പെടുത്തുന്നു. ആരായാലും ഇത്രയ്ക്ക്‌ അധപ്പതിക്കരുത്‌... എന്തും വിൽക്കാനുള്ളതല്ല എന്ന് തിരിച്ചറിയുക... ആരുടെയെങ്കിലും ജീവിതം വച്ചുള്ള ഈ കളി വേണോ എന്ന് ആലോചിക്കുക... സിനിമ കൊണ്ട്‌ സമൂഹത്തോട്‌ സംസാരിക്കുക, കലഹിക്കുക എന്നാഗ്രഹിക്കുമ്പോഴും ഇത്തരം അനുഭവങ്ങൾ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നു...
 
 
 
 
webdunia
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞ് കരയുമെന്നോർത്ത് സിനിമയ്ക്ക് പോകാൻ മടിക്കേണ്ട: ക്രൈ റൂം റെഡി