Sandra Thomas: മമ്മൂട്ടിയെ ആരും വലിച്ചിട്ടതല്ല, അദ്ദേഹം താനേ വന്നു കയറിയതാണ്; വീണ്ടും സാന്ദ്ര തോമസ്
താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര ആരോപിച്ചിരുന്നു
കഴിഞ്ഞ ദിവസം നിർമാതാവ് സാന്ദ്ര തോമസ് ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ ഭാരവാഹിക്കെതിരെ കേസ് ഫയൽ ചെയ്തപ്പോൾ കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നാണ് സാന്ദ്ര പറഞ്ഞത്.
മമ്മൂട്ടിയുടെ ആവശ്യം താൻ സമ്മതിച്ചില്ലെന്നും ഇതോടെ, താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ, മറ്റൊരു സാഹചര്യത്തിൽ മമ്മൂട്ടിയോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് സാന്ദ്ര സംസാരിക്കുന്ന ഒരു പഴയ വീഡിയോ ഫേസ്ബുക്കിലൂടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവെച്ചിരുന്നു. ലിസ്റ്റിന്റെ വീഡിയോയ്ക്ക് പിന്നാലെ സാന്ദ്ര ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
'ഒറ്റപ്പെടും എന്ന തിരിച്ചറിവിനെ അവഗണിക്കുന്നിടത്താണ് ഓരോ പുതുവഴിയും പിറവികൊള്ളുന്നത്, കാത്തുനിൽക്കുക', എന്നാണ് സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് മറുപടിയുമായി നിരവധി പേരാണ് എത്തുന്നത്. ഇതിലെ പല കമന്റുകളും മമ്മൂട്ടിയെ എന്തിനാണ് ഈ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചത് എന്നാണ്.
'മമ്മൂക്കയെ അവഹേളിച്ച അന്നുതൊട്ട് നിൻറെ പതനവും തുടങ്ങി…ഇത് വരെ നിനക്ക് പിന്തുണ തന്നവർപോലും ഇപ്പോൾ നിനക്ക് എതിരാണ്' എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്. ഈ കമന്റിന് സാന്ദ്ര പ്രതികരിച്ചിട്ടുണ്ട്. 'സത്യം പറയുന്നത് എങ്ങനെ അവഹേളനമാകും ? മമ്മൂക്ക നല്ലത് ചെയ്തപ്പോൾ അതും ഞാൻ പറഞ്ഞിട്ടുണ്ട്' എന്ന് സാന്ദ്ര പറഞ്ഞു. മമ്മൂട്ടിയെ ഇതിൽ വലിച്ചിട്ടത് ശരിയായില്ല എന്ന മറ്റൊരു കമന്റിന് 'മമ്മൂട്ടിയെ ആരും വലിച്ചിട്ടതല്ല, അദ്ദേഹം താനേ വന്നു കയറിയതാണ്' എന്നാണ് സാന്ദ്രയുടെ മറുപടി.