Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരന്‍; പിന്നീട് മലയാള സിനിമയുടെ 'സത്യന്‍ മാഷ്'

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരന്‍; പിന്നീട് മലയാള സിനിമയുടെ 'സത്യന്‍ മാഷ്'
, ചൊവ്വ, 15 ജൂണ്‍ 2021 (08:50 IST)
സ്‌കൂള്‍ അധ്യാപകനായിട്ടാണ് നടന്‍ സത്യന്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥനായി. ഇതിനിടയിലാണ് വീട്ടുകാര്‍ പോലും അറിയാതെ സത്യന്‍ പട്ടാളത്തില്‍ ചേരാന്‍ പോയത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് പട്ടാളക്കാരനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് സത്യന്‍. യുദ്ധ സമയത്ത് ബര്‍മ അതിര്‍ത്തിയിലായിരുന്നു സത്യന്‍ സേവനം ചെയ്യേണ്ടിവന്നത്.

സത്യന്‍ പട്ടാളത്തില്‍ ചേര്‍ന്നത് പിന്നീടാണ് വീട്ടുകാര്‍ അറിയുന്നത്. സൈനിക സേവനത്തില്‍ നിന്നു പിന്മാറി നാട്ടിലെത്താന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. പട്ടാള സേവനം ഉപേക്ഷിച്ച് നാട്ടിലെത്തിയ സത്യന്‍ എസ്‌ഐ ആയി ജോലി കിട്ടിയപ്പോള്‍ അത് ഏറ്റെടുത്തു. പേരുരൂര്‍ക്കട എസ്എപി ക്യാംപിലും തലസ്ഥാനത്തെ പല സ്റ്റേഷനുകളിലും സേവനം അനുഷ്ഠിച്ച അദ്ദേഹം ഇടക്ക് ആലപ്പുഴയിലും ജോലി ചെയ്തു. അധ്യാപകന്‍, സൈനികന്‍, പൊലീസ് ഉദ്യോഗസ്ഥന്‍ എന്നീ വേഷങ്ങള്‍ ജീവിതത്തില്‍ നിറഞ്ഞാടിയ ശേഷമാണ് സത്യന്‍ സിനിമയിലേക്ക് എത്തുന്നത്. 

അനശ്വര നടന്‍ സത്യന്‍ അന്തരിച്ചിട്ട് 50 വര്‍ഷം. 1971 ജൂണ്‍ 15 നാണ് രക്താര്‍ബുദത്തെ തുടര്‍ന്ന് സത്യന്‍ മരണത്തിനു കീഴടങ്ങുന്നത്. 1912 നവംബര്‍ നവംബര്‍ ഒന്‍പതിന് ജനിച്ച മലയാളികളുടെ പ്രിയപ്പെട്ട സത്യന്‍ മാഷിന് മരിക്കുമ്പോള്‍ 59 വയസ്സായിരുന്നു പ്രായം. 
 
നാടകാഭിനയത്തിലൂടെയാണ് സത്യന്‍ സിനിമയിലേക്ക് എത്തുന്നത്. 1951 ല്‍ ത്യാഗസീമ എന്ന സിനിമയില്‍ സത്യന്‍ അഭിനയിച്ചു. എന്നാല്‍, ആ സിനിമ പുറത്തിറങ്ങിയില്ല. 
 
1952 ല്‍ പുറത്തിറങ്ങിയ 'ആത്മസഖി' എന്ന സിനിമ സൂപ്പര്‍ഹിറ്റായി. സത്യനായിരുന്നു ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 1954 ല്‍ പുറത്തിറങ്ങിയ 'നീലക്കുയില്‍' ആണ് സത്യന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ. ഉറൂബ് രചിച്ച നീലക്കുയില്‍ സംവിധാനം ചെയ്തത് രാമു കാര്യാട്ട്-പി.ഭാസ്‌കരന്‍ സഖ്യമാണ്. സിനിമയിലെ ഗാനങ്ങളെല്ലാം മലയാളികള്‍ ഏറ്റെടുത്തു. ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ആദ്യ മലയാള ചിത്രമായിരുന്നു നീലക്കുയില്‍. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സത്യനും മിസ് കുമാരിയും കൈയടി നേടി. 
 
കാലം മാറുന്നു, ദേവ സുന്ദരി, മിന്നുന്നതെല്ലാം പൊന്നല്ല, മുടിയനായ പുത്രന്‍, കണ്ണും കരളും, ഇണപ്രാവുകള്‍, കടത്തുകാരന്‍, ചെമ്മീന്‍, മിടുമിടുക്കി, അഗ്നിപരീക്ഷ, അരനാഴികനേരം, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങി 140 ലേറെ സിനിമകളില്‍ സത്യന്‍ അഭിനയിച്ചിട്ടുണ്ട്. 
 
1969 ല്‍ കടല്‍പ്പാലം എന്ന സിനിമയിലെ അഭിനയത്തിനും 1971 ല്‍ കരകാണാകടല്‍ എന്ന സിനിമയിലെ അഭിനയത്തിനും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സ്വര്‍ഗ ഗായികേ ഇതിലേ ഇതിലേ...' മലയാളത്തിന്റെ സത്യന്‍ മാഷ്