Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ജയറാമും സത്യൻ അന്തിക്കാടും വീണ്ടും, മീര ജാസ്‌മിൻ നായിക

Sathyan Anthikkad

എമിൽ ജോഷ്വ

, ചൊവ്വ, 13 ഏപ്രില്‍ 2021 (18:36 IST)
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജയറാം നായകനാകുന്നു. മീര ജാസ്‌മിൻ ആണ് നായിക. ഡോ.ഇക്‌ബാൽ കുറ്റിപുറം തിരക്കഥയെഴുതുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാനാണ് നേരത്തെ സത്യൻ അന്തിക്കാട് ആലോചിച്ചതെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം ആ പ്രോജക്ട് മാറ്റിവച്ചിരിക്കുകയാണ്.
 
ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു സത്യൻറെ പുതിയ ചിത്രത്തിൻറെ പ്രഖ്യാപനം. സത്യൻ അന്തിക്കാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൻറെ പൂർണരൂപം ഇതാ:
 
'ചിന്താവിഷ്ടയായ ശ്യാമള'ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശ്ശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസൻ പറഞ്ഞു - "ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാൻ മോഷ്ടിച്ചതാണ്."
എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതു വരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല.
 
ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു - "ഈ കഥ, നിങ്ങളുടെ ജീവിതത്തിൽ നിന്നും ഞാൻ മോഷ്ടിച്ചതാണ്."
അമ്പരപ്പു മാറി സദസ്സിൽ നീണ്ട കരഘോഷം ഉയർന്നു.
 
ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓർമ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകൾക്ക് വേണ്ടിയാണ്.
 
ഇതാ - ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു.
 
ജയറാമാണ് നായകൻ. മീര ജാസ്മിൻ നായികയാകുന്നു. ഒപ്പം 'ഞാൻ പ്രകാശനിൽ' ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും.
 
'ഒരു ഇന്ത്യൻ പ്രണയകഥ'യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.
 
ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ്, കെ. രാജഗോപാൽ. അമ്പിളിയിലെ "ആരാധികേ" എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്.
പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവ്വഹിക്കും. 'ഞാൻ പ്രകാശനിലേത്' പോലെ ഈ ചിത്രത്തിലും ശബ്ദം ലൈവായാണ് റെക്കോർഡ് ചെയ്യുന്നത്. അനിൽ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. മോമി, പാണ്ഡ്യൻ,സേതു, ശശി തുടങ്ങിയ എല്ലാ കൂട്ടുകാരും ഈ സിനിമയിലും ഉണ്ടാകും.
 
സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. കോവിഡിന്റെ വേലിയേറ്റമൊന്ന് കഴിഞ്ഞാൽ ജൂലൈ പകുതിയോടെ ചിത്രീകരണമാരംഭിക്കാം.
 
എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ വിഷുക്കാലം ആശംസിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായികാ പ്രാധാന്യമുള്ള സിനിമ വേണമെന്നുള്ള പിടിവാശിയില്ല: മനസ്സ് തുറന്ന് രജിഷ