മലയാളി സിനിമാപ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന അൻവർ റഷീദ്, ഫഹദ് ഫാസിൽ ചിത്രം ട്രാൻസ് സെൻസർ കുരുക്കിൽ. ചിത്രം വിലയിരുത്തിയ തിരുവനന്തപുരം സിബിഎഫ്‌സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) അംഗങ്ങൾ 17 മിനിറ്റോളം ദൈർഘ്യമുള്ള രംഗങ്ങൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെൻസർ ബോർഡിന്റെ ആവശ്യം അംഗീകരിക്കാൻ സംവിധായകനായ അൻവർ റഷീദ് തയ്യാറാകാത്തതിനെ തുടർന്ന് മുംബൈയിലുള്ള സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയുടെ പുന:പരിശോധനയ്ക്ക് ചിത്രം അയച്ചിരിക്കുകയാണ് ഇപ്പോൾ.
മുംബൈയിലുള്ള സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റി നാളെയായിരിക്കും ട്രാൻസ് കാണുക. ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന വെള്ളിയാഴ്ച്ച റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് സെൻസർ ബോർഡിന്റെ പ്രശ്‌നങ്ങൾ മൂലം കുരുക്കിലായിരിക്കുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കന്യാകുമാരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ റോളില്‍ ഫഹദ് ഫാസിൽ എത്തുന്ന ചിത്രത്തിൽ നസ്രിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന് ശേഷം ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് അൻവർ റഷീദ് ഒരു സിനിമയുമായി എത്തുന്നത്.