മോട്ടിവേഷണല്‍ ട്രെയിനറായി ഫഹദ്, വിനായകന്റെ ടൈറ്റില്‍ ട്രാക്ക്; നിരവധി പ്രത്യേകതകളുമായി ട്രാൻസ്

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ട്രാന്‍സിന്റെ ഛായാഗ്രഹണം സംവിധായകന്‍ കൂടിയായ അമല്‍ നീരദാണ് ചെയ്യുന്നത്

തുമ്പി ഏബ്രഹാം

ശനി, 18 ജനുവരി 2020 (14:48 IST)
ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് ഫെബ്രുവരി 14ന് തിയറ്ററുകളില്‍ എത്തുകയാണ്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന സവിശേഷതയുണ്ട് ട്രാന്‍സിന്. മോട്ടിവേഷണല്‍ ട്രെയിനറുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. 
 
അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ട്രാന്‍സിന്റെ ഛായാഗ്രഹണം സംവിധായകന്‍ കൂടിയായ അമല്‍ നീരദാണ് ചെയ്യുന്നത്. കമ്മട്ടിപ്പാടത്തിലെ പുഴുപുലികള്‍ എന്ന ഹിറ്റ് ട്രാക്കിന് ശേഷം നടന്‍ വിനായകന്‍ ടൈറ്റില്‍ ട്രാക്ക് ചെയ്തിരിക്കുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. റെക്‌സ് വിജയന്റെ സഹോദരന്‍ ജാക്‌സണ്‍ വിജയന്‍ സംഗീത സംവിധായകനായി അരങ്ങേറുന്നു. വിനായക് ശശികുമാര്‍ ഗാനരചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ അഞ്ച് ഗാനങ്ങളാണുളളത്. 
 
പശ്ചാത്തല സംഗീതം ഒരുക്കിയത് സുഷിന്‍ ശ്യാമും ജാക്‌സണ്‍ വിജയനുമാണ്. 'എന്നാലും മത്തായിച്ച' എന്ന ഗാനം നടന്‍ സൗബിന്‍ ഷാഹിറാണ് പാടിയിരിക്കുന്നത്. സൗബിന്‍ ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നത്. വിന്‍സെന്റ് വടക്കനാണ് തിരക്കഥയും സംഭാഷണവും ചെയ്തിരിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിങ്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.
 
തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍, ശ്രിന്‍ഡ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് എന്നിങ്ങനെ വന്‍ താരനിരയുമുണ്ട്. പ്രമുഖ ഒഡിസി നര്‍ത്തകി ആരുഷി മുഡ്ഗല്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പെരിയാറിനെ അപമാനിച്ചതായി രജിനികാന്തിനെതിരെ പരാതി, താരം നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യം