യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു സിദ്ദിഖ് ഹൈക്കോടതിയെ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗപരാതി ഉണ്ടായിരുന്നില്ലെന്നും തന്നെ അപമാനിക്കുക എന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ നടനെതിരെ യുവനടി നല്‍കിയ പരാതികളില്‍ സിദ്ദിഖിനെതിരെ സാക്ഷിമൊഴികളും മറ്റ് തെളിവുകളും ലഭിച്ചതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയായിരുന്നു സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തത്. 2016 ജനുവരി 28നായിരുന്നു സംഭവമെന്നാണ് നടിയുടെ ആരോപണം. നിള തിയേറ്ററില്‍ സിനിമ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് നടിയുടെ പരാതി.