സൈബര്‍ ലോകം ക്രൂരമാണ്, ആ വീഡിയോ വീണ്ടും പ്രചരിപ്പിക്കുന്നത് എന്നെ മോശക്കാരിയാക്കാന്‍; രൂക്ഷമായി പ്രതികരിച്ച് ശാലിന്‍ സോയ
ഇടവേള ബാബുവിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ശാലിനുമൊത്തുള്ള പഴയ വീഡിയോ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്
Publish Date: Sat, 31 Aug 2024 (15:22 IST)
Updated Date: Sat, 31 Aug 2024 (15:26 IST)
നടന്‍ ഇടവേള ബാബുവിനൊപ്പമുള്ള തന്റെ പഴയ ടിക് ടോക് വീഡിയോ ഇപ്പോള്‍ വീണ്ടും പ്രചരിപ്പിക്കുന്നത് തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനെന്ന് നടി ശാലിന്‍ സോയ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ചെയ്ത വീഡിയോ ആണെന്നും ഇപ്പോള്‍ അത് കുത്തിപ്പൊക്കിയിരിക്കുന്നത് തന്നെ മോശക്കാരിയാക്കാനുള്ള സൈബര്‍ ബുള്ളിയിങ് ആണെന്നും താരം പറഞ്ഞു.
' ഞാന്‍ എന്താണ് പറയേണ്ടത്? വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ചെയ്ത ടിക് ടോക് വീഡിയോ ആണിത്. ആ സമയത്ത് ഈ പാട്ട് വൈറല്‍ ആയിരുന്നു. അദ്ദേഹത്തിന്റെ (ഇടവേള ബാബു) പേരുമായി പാട്ടിനു സാമ്യമുള്ളതു കൊണ്ട് ആ വീഡിയോ ചെയ്താല്‍ തമാശയായിരിക്കുമെന്ന് തോന്നി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ വീഡിയോ വീണ്ടും പ്രചരിപ്പിക്കുന്നത് എന്നെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള സൈബര്‍ ബുള്ളിയിങ്ങിന്റെ ഭാഗമാണ്. എനിക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക? നിങ്ങള്‍ പറയൂ. ഇതിനൊരു വിശദീകരണവുമായി ഞാന്‍ എത്തിയാല്‍ ഇന്റര്‍നെറ്റില്‍ വീണ്ടും ട്രോളുകള്‍ ഉണ്ടാകും. സൈബര്‍ ലോകം വളരെ ക്രൂരമാണ്. പേരില്ലാത്ത ഈ സൈബര്‍ ഭീഷണിക്കാരാണ് ഇവിടെ യഥാര്‍ഥ വില്ലന്‍മാര്‍. അവരെ ഞാന്‍ വെറുക്കുന്നു.' ശാലിന്‍ പറഞ്ഞു.
ഇടവേള ബാബുവിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ശാലിനുമൊത്തുള്ള പഴയ വീഡിയോ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്. നടിയുടെ ലൈംഗികാരോപണ പരാതിയില്‍ ഇടവേള ബാബുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.