Shine Tom Chacko: മാറ്റത്തിനായി ആഗ്രഹിച്ച് ഷൈന്‍; ലഹരിവിമോചന കേന്ദ്രത്തില്‍ ചികിത്സ തുടരുന്നു
ലഹരിയില്‍ നിന്ന് മോചനം നേടാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചതിനെ തുടര്‍ന്നാണ് ഷൈനിനെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്കു വിധേയനാക്കിയത്
Shine Tom Chacko: ലഹരിവിമോചന കേന്ദ്രത്തില്‍ (ഡീ അഡിക്ഷന്‍ സെന്റര്‍) ചികിത്സ തുടര്‍ന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ഹൈബ്രിഡ് കഞ്ചാവ് കേസിലെ ചോദ്യം ചെയ്യലിനു ഷൈന്‍ എത്തിയത് തൊടുപുഴയിലെ ലഹരിവിമോചന കേന്ദ്രത്തില്‍ നിന്നാണ്. ചോദ്യം ചെയ്യലിനു ശേഷം അങ്ങോട്ടുതന്നെ തിരിച്ചുപോകുകയും ചെയ്തു.
ലഹരിയില്‍ നിന്ന് മോചനം നേടാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചതിനെ തുടര്‍ന്നാണ് ഷൈനിനെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്കു വിധേയനാക്കിയത്. ചികിത്സകളോടു താരം വളരെ പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈബ്രിഡ് കഞ്ചാവ് ഇടപാടുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ഷൈന്‍ മൊഴി നല്‍കി. ആലപ്പുഴ എക്‌സൈസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഷൈനിന്റെ മാതാപിതാക്കള്‍ ചികിത്സാ രേഖകള്‍ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ കാണിച്ചിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയില്‍നിന്നു മോചനം നേടണമെന്നും ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനിടെ എക്‌സൈസിനോട് പറഞ്ഞിരുന്നു. അതീവ അപകടകാരിയായ മെത്താംഫിറ്റമിന്‍ ആണ് താന്‍ ഉപയോഗിച്ചിരുന്നതെന്ന് ഷൈന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലിനിടെ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോമിന്റെ ഭാഗമായി ചില അസ്വസ്ഥതകള്‍ താരം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
താന്‍ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്ന് ഷൈന്‍ മൊഴി നല്‍കി. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായി യാതൊരു ലഹരി ഇടപാടുകളും ഇല്ല. ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രമാണ് തസ്ലിമയുമായി പരിചയമെന്നും ഷൈന്‍ മൊഴി നല്‍കിയിട്ടുണ്ട്.