ഡാന്‍സാഫ് പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയതില്‍ എന്ത് തെറ്റെന്ന് ഷൈന്‍ ടോം ചാക്കോയുടെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ. റണ്‍ കൊച്ചി റണ്‍ സംഘടിപ്പിക്കാറുണ്ടല്ലോ, ഓടുന്നത് മോശമാണോ എന്ന ചോദ്യമാണ് ജോ ജോണ്‍ ചാക്കോ തിരിച്ചു ചോദിച്ചത്. ഷൈന്‍ ടോമിനെ പറ്റിയുള്ള പരാതിയെ പറ്റി അറിയില്ലെന്നും സഹോദരന്‍ പ്രതികരിച്ചു.
സിനിമാ സെറ്റില്‍ വെച്ച് ഷൈന്‍ ടോം ചാക്കോ ലഹരിമരുന്ന് ഉപയോഗിച്ചെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് നടി വിന്‍സി അലോഷ്യല്‍ നല്‍കിയ പരാതി പുറത്തുവന്ന സാഹചര്യത്തിലാണ് സഹോദരന്റെ പ്രതികരണം. പോലീസിന്റെ ലഹരിമരുന്ന് പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഇന്നലെ കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയിരുന്നു. ഹോട്ടല്‍ മുറിയില്‍ ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഡാന്‍സാഫ് സംഘം എത്തിയതറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. ഷൈനിനായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.